Your Image Description Your Image Description

സഹോദരന്റെ മുൻഭാര്യ നാൻസി ജെയിംസ് നൽകിയ ക്രിമിനൽ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നടി ഹൻസിക മോട്‌വാനി. അമ്മ ജ്യോതി മോട്‌വാനിക്കൊപ്പമാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ഹൻസികയുടെ സഹോദരൻ പ്രശാന്തിനെയാണ് സെലിബ്രിറ്റിയായ നാൻസി ജെയിംസ് വിവാഹം കഴിച്ചത്. എന്നാൽ 2022 ഡിസംബറിൽ അവർ വേർപിരിയാൻ തീരുമാനിച്ചു. തുടർന്ന് നാൻസി, മോട്‌വാനി കുടുംബത്തിനെതിരെ ക്രൂരതയും പീഡനവും ആരോപിക്കുകയും കേസ് കൊടുക്കുകയുമായിരുന്നു. ഹൻസികയുടെ സമീപകാല ഹർജി പ്രകാരം, നാൻസി കേസ് ഫയൽ ചെയ്തത് “പ്രതികാര നടപടി” എന്ന നിലയിലാണെന്നാണ്.

ബാർ ആൻഡ് ബെഞ്ചിന്റെ റിപ്പോർട്ട് പ്രകാരം, ഹൻസികയുടെ അഭിഭാഷകയായ ദൃഷ്ടി ഖുറാനയും ജ്യോതിയുടെ അഭിഭാഷകനായ അദ്‌നാൻ ഷെയ്ഖും സമർപ്പിച്ച ഹർജിയിൽ, “എഫ്‌ഐആർ ഹർജിക്കാരനെയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കി നിലവിലുള്ള ദാമ്പത്യ തർക്കത്തിൽ സാമ്പത്തിക ഒത്തുതീർപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രതികാര നടപടിയാണെന്ന് പറയുന്നു. ഹർജിക്കാരിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും പ്രേരിതവുമാണ്, കൂടാതെ ക്രിമിനൽ പ്രോസിക്യൂഷന്റെ പരിധിയിൽ കൊണ്ടുവരാൻ അതിശയോക്തിപരമായി സൃഷ്ടിച്ച ഗാർഹിക തർക്കങ്ങളിൽ നിന്നാണ് ഇവ ഉയർന്നുവരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

നാൻസി ജെയിംസ് പരസ്പര വിവാഹമോചനത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന റിപ്പോർട്ടുമുണ്ട്. നാൻസിയും പ്രശാന്തും തമ്മിലുള്ള നിയമപോരാട്ടത്തിനിടെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട നാൻസി ഒരു പ്രതികാര നടപടിയ്ക്ക് വേണ്ടി മാത്രമാണ് പരാതി രജിസ്റ്റർ ചെയ്തതെന്ന് ഹൻസിക പറയുന്നു. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങളിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രശാന്തിന്റെ സഹോദരിയായതിനാലാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും നടി വ്യക്തമാക്കി.

വിവാഹമോചനത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം, 2024-ൽ ലാണ് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തികൊണ്ട് നാൻസി ജെയിംസ്, നടി ഹൻസിക മോട്‌വാനി, ജ്യോതി മോട്‌വാനി, അവരുടെ മുൻ ഭർത്താവ് പ്രശാന്ത് മോട്‌വാനി എന്നിവർക്കെതിരെ പോലീസ് പരാതി നൽകിയത്. ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരത (സെക്ഷൻ 498A), മനഃപൂർവം അവരെ വേദനിപ്പിക്കൽ (സെക്ഷൻ 323), പ്രശ്‌നമുണ്ടാക്കാൻ അപമാനകരമായ വാക്കുകൾ ഉപയോഗിക്കൽ (സെക്ഷൻ 504), ഭീഷണിപ്പെടുത്തൽ (സെക്ഷൻ 506) തുടങ്ങിയ നിരവധി ഗുരുതരമായ കുറ്റങ്ങളാണ് എഫ്‌ഐആറിൽ നാൻസി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൻസിക മോട്‌വാനിയുടെയും അമ്മയുടെയും കേസ് തള്ളണമെന്ന അപേക്ഷ ജസ്റ്റിസ് സാരംഗ് കോട്‌വാൾ, ജസ്റ്റിസ് എസ്.എം. മോദക് എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധിച്ചു വരികയാണ്. വ്യാഴാഴ്ച, അവരുടെ ഹർജി സംബന്ധിച്ച് നോട്ടീസ് അയയ്ക്കുകയും അടുത്ത വാദം ജൂലൈ 3 ന് നടക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *