Your Image Description Your Image Description

എറണാകുളം : കൊച്ചി നഗരസഭയും ഹരിത കേരള മിഷനും ചേർന്ന് “മാലിന്യമുക്തം നവകേരളം ” ജനകീയ കാമ്പയിൻ്റെ ഭാഗമായി കത്രിക്കടവ്- കൊട്ടക്കനാൽ റോഡിൽ പാലത്തിന് സമീപത്തെ മാലിന്യ കൂമ്പാരം നീക്കി അവിടെ ഉദ്യാനവും സെൽഫി പോയിന്റും ഒരുക്കി.

ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് മുഖ്യപങ്കാളിത്തം വഹിച്ച ചടങ്ങിൽ 64 ാം ഡിവിഷൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ അധ്യക്ഷനായി.

ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ് രഞ്ജിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു ആശംസ പ്രസംഗം നടത്തി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം ലാൽ എസ് എം നന്ദി പറഞ്ഞു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസ്സാ നിഷാദ്, കുടുംബശ്രീ പ്രവർത്തകർ പ്രദേശവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കാലങ്ങളായി കിടന്നിരുന്ന അഞ്ച് ലോഡ് വേസ്റ്റാണ് ഇവിടെ നിന്ന് നീക്കം ചെയ്തത്. പ്ലാസ്റ്റിക് കെട്ടുകൾ,തുണി, പഴയ കിടക്കകൾ, പ്ലൈവുഡ് വേസ്റ്റുകൾ തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും റോഡിനിരുവശത്തുണ്ടായിരുന്നു. കൊട്ടക്കനാൽ റോഡിന്റെ തുടക്കം മുതൽ അവസാനം വരെ ശുചീകരണ പ്രവർത്തനം നടത്തി.

പ്രദേശത്തെ പ്രധാന സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
മാർച്ച് 30ന് കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാന ടൗണുകളും പൊതു ഇടങ്ങളും മാലിന്യമുക്തമാക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *