Your Image Description Your Image Description

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ മികച്ച അഭിനയ മികവാണ് താരം കാഴ്ചവെച്ചത്. എന്നാൽ അർച്ചന കഴിഞ്ഞ പത്ത് വർഷമായി മലയാള സിനിമയൽ സജീവമല്ല. നീണ്ട ഇടവേളക്ക് ശേഷമാണ്‌ ടൊവിനോ തോമസ് നായകനായ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിലൂടെ അർച്ചന കവി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ കഴിഞ്ഞ പത്ത് വർഷം എവിടെയായിരുന്നുവെന്ന് അർച്ചന കവി പറയുന്നുണ്ട്.

‘പത്ത് വർഷത്തിന് ശേഷം ഞാൻ ചെയ്യുന്ന സിനിമയാണിത്. ഐഡന്‍റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതിൽ ഒരുപാട് അഭിമാനമുണ്ട്. അതോടൊപ്പം ഈ ചിത്രം ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. ചിത്രത്തിന്‍റെ സംവിധായകരായ അനസ് ഖാന്‍റെയും അഖിൽ പോളിന്‍റെയും കഠിനാധ്വാനം ഞാൻ കണ്ടിട്ടുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതിൽ നന്ദി പറയുകയാണ്. സിനിമയുടെ ഭാഗമായ ശേഷവും അവർ എല്ലാ പിന്തുണയും നൽകി. ഞാൻ ആദ്യമായി ഡബ് ചെയ്ത സിനിമ കൂടിയാണിത്. ഇത്രയും വർഷം ആയിട്ടും എന്‍റെ ശബ്ദം ഒരു കഥാപാത്രത്തിനായും ഉപയോഗിച്ചിരുന്നില്ല’ അർച്ചന പറഞ്ഞു.

‘ഞാൻ ഇടവേള എടുത്തതല്ല, എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. ഞാൻ വിവാഹം കഴിച്ചു. ശേഷം ഡിവോഴ്‌സായി, പിന്നെ ഞാൻ ഡിപ്രെഷനിൽ ആയിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ അതിൽ നിന്നും റിക്കവറായി. ഇപ്പോൾ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വർഷം വേണ്ടിവരില്ലേ?,’ അർച്ചന കവി വ്യക്തമാക്കി. ‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ ചിത്രമാണ് ‘ഐഡന്റിറ്റി’. തൃഷയാണ് സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *