Your Image Description Your Image Description

അവശ്യസാധനങ്ങള്‍ ക്വിക് കൊമേഴ്സ് കമ്പനികള്‍ 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിച്ച് നൽകുന്ന സേവനം രാജ്യവ്യാപകമായി ഇന്ന് ലഭ്യമാണ്. എന്നാല്‍ അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ആംബുലൻസ് പെട്ടന്ന് ലഭിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ പ്രതിസന്ധിക്ക് ഇപ്പോൾ ഒരു പരിഹാരം കണ്ടിരിക്കുകയാണ് ക്വിക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റ്. 10 മിനിറ്റോളില്‍ ആംബുലന്‍സ് വീട്ടിലെത്തുന്ന രീതിയിലാണ് സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്. ആംബുലന്‍സ് സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഗുരുഗ്രാമിലാണ് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്. അവശ്യ ഉപകരണങ്ങളുമായി അഞ്ച് ആംബുലന്‍സുകളാണ് ഇതിന്‍റെ ഭാഗമായി ബ്ലിങ്കിറ്റ് നിരത്തിലിറക്കിയിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍, സ്ട്രക്ച്ചറുകള്‍, മോണിറ്ററുകള്‍, സക്ഷന്‍ മെഷീനുകള്‍, ആവശ്യം വേണ്ട മരുന്നുകളും ഇഞ്ചക്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. താങ്ങാവുന്ന നിരക്കിലാണ് സേവനങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാക്കുക എന്ന് ബ്ലിങ്കിറ്റ് അറിയിച്ചു

അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏറ്റവും വേഗത്തില്‍ മെഡിക്കല്‍ സൗകര്യ ലഭ്യമാക്കുക എന്നുള്ളതാണ് പ്രധാനം. പലപ്പോഴും ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ സമയമായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വേഗത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതോടുകൂടി ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണസമയം ഉപയോഗപ്പെടുത്താന്‍ ആകുമെന്ന് ബ്ലിങ്കിറ്റ് പറയുന്നു. ഈ സേവനത്തില്‍ നിന്ന് ലാഭം നേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സ പറഞ്ഞു. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കിലുള്ളതും വിശ്വസനീയവുമായ ആംബുലന്‍സ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാല്‍, സേവനത്തിന്‍റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും അത് ക്രമേണ വര്‍ധിപ്പിക്കുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് അല്‍ബിന്ദര്‍ ദിന്‍ഡ്സ വ്യക്തമാക്കി.

ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ് . പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്. ബ്ലിങ്കിറ്റ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നത് മറ്റുള്ള ക്വിക് കൊമേഴ്സ് കമ്പനികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *