Your Image Description Your Image Description

77-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഇപ്പോൾ പ്രദര്‍ശനം ആരംഭിച്ചിട്ടുള്ളത്. 30 വർഷങ്ങൾക്ക് ശേഷം കാനിൽ പ്രദർശിപ്പിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രം എന്ന നിലയിലും ചിത്രം ശ്രദ്ധേയമായിരുന്നു. ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024 ലെ ഇഷ്ട സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവർക്ക് ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.

ഒരു പറ്റം സ്ത്രീകളുടെ സിനിമ എന്ന നിലയിലും ചിത്രം നിരൂപകപ്രശംസ നേടിയിരുന്നു. ഫ്രാൻസിലെയും ഇന്ത്യയിലെയും നിർമാണ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പായൽ കപാഡിയയുടെ ആദ്യ ഫീച്ചർ ഫിലിം കൂടിയായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മുംബൈയിലെ താമസിക്കുന്ന രണ്ട് നഴ്സുമാരുടെ ജീവിതത്തിലൂടെ കടന്ന് പോകുന്നു. ചിത്രത്തിലെ പകുതിയിലേറെ സംഭാഷണങ്ങളും മലയാളത്തിലാണ്. സിനിമയുടെ ചിത്രീകരണം മുംബൈയിലും രത്‌നഗിരിയിലുമായാണ് നടന്നത്. പായൽ കപാഡിയ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

സ്നേഹവും, പ്രണയവും, സൗഹൃദവും, പ്രതീക്ഷകളുമെല്ലാം സമ്മേളിച്ച ജീവിതാനുഭവമാണ് ചിത്രം നൽകുന്നത്. നെടുനീളൻ ഡയലോഗുകൾക്ക് പകരം നിശബ്ദതിയിലൂടെ സിനിമയിൽ പലയിടത്തും കഥാപാത്രങ്ങൾ സംസാരിക്കുന്നത് കാണാനാവും. ഇന്ത്യയിലെ തന്നെ മികച്ച ഒരു ചലച്ചിത്രം എന്ന നിലയിലാണ് കാന്‍ ചലച്ചിത്രോത്സവത്തില്‍ ചിത്രം ശ്രദ്ധയാകർഷിച്ചത്. ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നതോടെ കൂടുതൽ ആളുകളിലേക്ക് ചിത്രം എത്തുമെന്നാണ് നിലവിലെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *