Your Image Description Your Image Description
കൊച്ചി: ഭാവ, താള, ലയ സാന്ദ്രമായൊരു സായംസന്ധ്യ. നിള ക്യാംപസിലെ വള്ളത്തോള്‍ സ്മൃതിമണ്ഡപത്തില്‍ തിരി തെളിഞ്ഞതു മുതല്‍ കഥകളിയും മോഹിനിയാട്ടവും ചൊല്ലിയാട്ടവും മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ‘കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിംഗ് ട്രെഡിഷന്‍സ്’ എന്ന പേരില്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ 31ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ പുലര്‍ച്ചെ 1 മണിവരെ, ഭാരതപ്പുഴയോട് ചേര്‍ന്നുള്ള നിള ക്യാംപസിലാണ് സാംസ്‌കാരിക സന്ധ്യ ഒരുക്കിയത്. കലാമണ്ഡലത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കലാതല്‍പരരായ പൊതുജനങ്ങളുടെ പിന്തുണ ലഭ്യമാക്കുകയാണ് കലാസന്ധ്യ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പ്രശസ്ത സംഗീതജ്ഞരായ ദീപ പാലനാട്, സുദീപ് പാലനാട് എന്നിവര്‍ കഥകളി മോജോയുമായി കാണികള്‍ക്ക് മുന്നിലെത്തി. കഥകളിയുടെ ആഹാര്യ സൗന്ദര്യ രീതികളെ അധിഷ്ഠിതമാക്കി പ്രത്യേകം രൂപകല്‍പന ചെയ്ത ഭക്ഷണമാണ് കാണികള്‍ക്ക് വിളമ്പിയത്. കൂടാതെ, കരകൗശല വസ്തുക്കള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ തത്സമയ നിര്‍മാണവും പ്രദര്‍ശനവും നടന്നു. വിവിധ കലാരൂപങ്ങളില്‍ പ്രാവീണ്യം നേടിയ കലാമണ്ഡലത്തിലെ പ്രഗത്ഭരും ക്ഷണിക്കപ്പെട്ട മറ്റ് പ്രശസ്ത കലാകാരന്മാരും നിള ക്യാംപസില്‍ ഒരുക്കിയ കലാസന്ധ്യയുടെ ഭാഗമായി.
കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്തകൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. പി. രാജേഷ് കുമാര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധികള്‍, കലാമണ്ഡലം ക്യൂറേറ്റര്‍ ലക്ഷ്മി മേനോന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കേശവന്‍ നാരായണന്‍ കലാമണ്ഡലം ഭരണസമിതി അംഗം കെ. രവീന്ദ്രനാഥ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. വി. നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എം. അഷറഫ്, അരുണ്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
  

Leave a Reply

Your email address will not be published. Required fields are marked *