Your Image Description Your Image Description

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ എത്തും. മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്വർണക്കപ്പ് എറ്റുവാങ്ങും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. മത്സരാർത്ഥികളുടെ ര​ജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പുത്തരിക്കണ്ടം മൈതാനത്തിൽ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങ് രാവിലെ പത്തരയോടെ നടക്കും. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക. കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍ കൂടി ഈ വര്‍ഷത്തെ കലോത്സവത്തിൻ്റെ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ഡിസംബര്‍ 20 ന് നടന്നിരുന്നു.

അറുപത്തിമൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ 25 വേദികളിലായാണ് തിരുവനന്തപുരത്ത് കലോത്സവം നടക്കുന്നത്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം എല്ലാവർക്കും പെട്ടെന്ന് മനസിലാക്കാനും അവിടേക്ക് എത്താനും കഴിയും. എന്നാൽ മറ്റ് 24 വേദികൾ ഏതൊക്കെയാണെന്ന സംശയം എല്ലാവർക്കും ഉണ്ടാകും. അതിനാൽ കലോത്സവ വേദികളിലെത്താൻ സംഘാടക സമിതി ക്യൂ ആർ കോഡ് പുറത്തിറക്കിയിട്ടുണ്ട്. ഓരോ വേദികൾക്കും പ്രത്യേകം ക്യൂ ആർ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിൻ്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആർ കോഡുകൾ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *