Your Image Description Your Image Description

തെക്കൻ കാലിഫോർണിയയിൽ ഇരുന്നൂറിലധികം ആളുകൾ ജോലി ചെയ്യുന്ന ഫർണിച്ചർ നിർമ്മാണ കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചു കയറി. അപകടത്തിൽ രണ്ടുപേര്‍ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഫുള്ളര്‍ടണിലെ റെയ്മര്‍ അവന്യുവിലെ 23000 ബ്ലോക്കിലാണ് വിമാനം ഇടിച്ചുകയറിയത്. 2 പേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് അപകടത്തിൽ തകർന്നത് അതിനാൽ വിമാനത്തിലുണ്ടായിരുന്ന 2പേരാകും മരിച്ചത് എന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. എന്നാൽ ഇവരെ സംബന്ധിക്കുന്ന മറ്റ് വ്യക്തി വിവരങ്ങളൊന്നും നിലവിൽ പുറത്തു വന്നിട്ടില്ല.

വിമാനം അപകടത്തില്‍പ്പെട്ടതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാഴ്ച മറയ്ക്കുന്നത് പോലെ തീയും പുകയും കുമിഞ്ഞുയരുന്നത് വിഡിയോയില്‍ കാണാം. ഒറ്റ എഞ്ചിന്‍ വിമാനമായ ആര്‍വി–10 ആണ് അപകടത്തില്‍പ്പെട്ടതെന്ന് ഓറഞ്ച് കൗണ്ടിയില്‍ നിന്നുള്ള യുഎസ് ജനപ്രതിനിധി ലോവ് കൊര്‍യ എക്സില്‍ കുറിച്ചു.

ഡിസ്നിലാന്‍ഡില്‍ നിന്ന് വെറും ആറുകിലോ മീറ്റര്‍ മാത്രം അകലെയുള്ള ഫുള്ളര്‍ടണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടിന് സമീപത്തായാണ് വിമാനം അപകടത്തില്‍പ്പെട്ടത്. പൊതു വ്യോമഗതാഗതത്തിനായി ഉപയോഗിക്കുന്ന വിമാനത്താവളത്തില്‍ ഒരു റണ്‍വെയും ഹെലിപാഡുമാണുള്ളത്. ജനവാസ കേന്ദ്രങ്ങളും വാണിജ്യസ്ഥാപനങ്ങളും മെട്രോ ലൈനും പ്രദേശത്തുണ്ടെന്നും വലിയ അപകടമാണ് ഒഴിവായതെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം 2.09ഓടെയാണ് വിമാനം തകര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ അഗ്നിരക്ഷ സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും തീ അണയ്ക്കുകയും ചെയ്തു.

സമാനമായ മറ്റൊരു അപകടം കഴിഞ്ഞ നവംബര്‍ ആദ്യ ആഴ്ചയില്‍ നടന്നിരുന്നു. ഫുള്ളര്‍ടണ്‍ വിമാനത്താവളത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ ഒരു 4 സീറ്റര്‍ വിമാനം തകര്‍ന്നിരുന്നു. പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ അടിയന്തര ലാന്‍ഡിങിന് ശ്രമിച്ച വിമാനം മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്നത് ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *