Your Image Description Your Image Description

കൊച്ചി: പ്രവാസി മലയാളിയായ പെരുമ്പാവൂര്‍ സ്വദേശിക്ക് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ നഷ്ടമായത് നാലരക്കോടി രൂപ. ഷെയര്‍ ട്രേഡിംഗില്‍ വിദഗ്ധയാണെന്നും പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. സംഭവത്തില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തട്ടിപ്പിനിരയായ മലയാളി ദുബായിയില്‍ വെച്ച് ഒരാളെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്സാപ്പ്, ജിമെയില്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. തട്ടിപ്പ് സംഘം പറഞ്ഞ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വന്‍ ലാഭം തിരിച്ചു നല്‍കി. അത് വിശ്വാസത്തിന് കാരണമായി. പിന്നീട് ഓഗസ്റ്റ് 12 മുതല്‍ നവംബര്‍ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി പല പ്രാവശ്യങ്ങളിലായി നാലരക്കോടിയോളം രൂപ നിക്ഷേപിക്കുകയായിരുന്നു.

ഇതിന്റെയൊക്കെ ലാഭം എന്ന് പറഞ്ഞ് വന്‍തുകകള്‍ അവര്‍ യുവാവിന് വേണ്ടി തയ്യാറാക്കിയ പേജില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒടുവില്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നല്‍കുകയും എസ്.പിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം അന്വേഷണമാരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *