Your Image Description Your Image Description

ന്യൂഡൽഹി: 2025ലെ ആദ്യ ഉല്‍ക്കാ വര്‍ഷം ജനുവരി 3,4 തീയതികളില്‍ സജീവമാകുമെന്ന് റിപ്പോർട്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഉല്‍ക്കാ വര്‍ഷം ഇന്ത്യയിലും ദൃശ്യമാകും എന്ന പ്രത്യേകതയുമുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ആകാശത്ത് ദൃശ്യമാകുന്ന ‘ക്വാഡ്രാന്‍റിഡ്‌സ്’ ഉല്‍ക്കാ വര്‍ഷം ജനുവരി 3-4 തിയതികളില്‍ അതിന്റെ പാരമ്യതയിലെത്തും. ജനുവരി 16 വരെ ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വര്‍ഷം തുടരുമെന്നാണ് റിപ്പോർട്ട്. ചുരുക്കം മണിക്കൂറുകളില്‍ മാത്രം ദൃശ്യമാകുന്നതാണ് ക്വാഡ്രാന്‍റിഡ്‌സ് ഉല്‍ക്കാ വർഷമെങ്കിലും ഇവയുടെ ജ്വാല ഭൂമിയില്‍ നിന്ന് വ്യക്തമായി കാണാം എന്നതാണ് സവിശേഷത.

ജനുവരി 3നും 4നും രാത്രിയില്‍ ഇന്ത്യയില്‍ ‘ക്വാഡ്രാന്‍റിഡ്‌സ്’ ഉല്‍ക്കാ വര്‍ഷം കാണാനാകും എന്ന് ലഖ്‌നൗവിലെ ഇന്ദിരാ ഗാന്ധി പ്ലാനറ്റോറിയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സുമിത് ശ്രീവാസ്‌തവ അറിയിച്ചു. അതേ സമയം ഉല്‍ക്കാ വര്‍ഷം പാരമ്യത്തിലെത്തുമ്പോള്‍ 60 മുതല്‍ 200 ഉല്‍ക്കകൾ വരെ ആകാശത്ത് ദൃശ്യമാകും എന്നാണ് വിവരം.
എല്ലാ വര്‍ഷവും ജനുവരി ആദ്യം ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ഉല്‍ക്കാ വർഷമാണ് ക്വാഡ്രാന്‍റിഡ്‌സ്. ഒട്ടുമിക്ക ഉല്‍ക്കാ വര്‍ഷങ്ങളും ധൂമകേതുക്കളില്‍ നിന്നാണ് ആവിര്‍ഭവിക്കുന്നതെങ്കില്‍ ക്വാഡ്രാന്‍റിഡ്‌സ് ഉത്ഭവിക്കുന്നത് 2003 ഇഎച്ച്1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *