Your Image Description Your Image Description

മലപ്പുറം : മലപ്പുറം തവനൂർ കാർഷിക കോളേജിലെ പി.എച്ച്.ഡി. വിദ്യാർത്ഥിനിയായ മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയിൽ നിന്നും രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി നഷ്ടപെട്ട് വൃക്കകളുടേയും കരളിന്റേയും പ്രവർത്തനം താറുമാറാകുകയും രക്തത്തിൽ അണുബാധ ഉണ്ടാകുകയും ഷോക്കിലേക്ക് പോകുകയും ചെയ്തിരുന്നു. ആ അവസ്ഥയിൽ നിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണവും കരുതലും നൽകി മൃണാളിനിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ചികിത്സയും പരിചരണവും നൽകി വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഒരാഴ്ച മുമ്പാണ് പനിയും വയറിളക്കവുമായി അവശ നിലയിൽ മൃണാളിനിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ രക്തത്തിലെ കൗണ്ടിന്റെ അളവിൽ വ്യത്യാസം കണ്ടതിനാൽ അഡ്മിറ്റാകാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ മൃണാളിനിയുടെ ബന്ധുക്കൾ കുട്ടിയെ സ്വദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ട് പോയി ചികിത്സിച്ചോളാം എന്ന് നിർബന്ധം പിടിച്ചു. ഈ അവസ്ഥയിൽ യാത്ര അപകടകാരമാണെന്നും രണ്ടു ദിവസം ഐസിയുവിൽ കിടത്തി വിദഗ്ധ ചികിത്സ നൽകി ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോകാമെന്നും ഡോക്ടർ അറിയിച്ചു. രോഗാവസ്ഥ തിരിച്ചറിഞ്ഞ ബന്ധുക്കൾ അതോടെ സമ്മതമറിയിച്ചു. അങ്ങനെ മൃണാളിനിയെ ഐസിയുവിൽ അഡ്മിറ്റാക്കി.

ആദ്യത്തെ രക്ത പരിശോധനാ ഫലം വന്നപ്പോൾ തന്നെ രോഗി ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമായി. ജലാംശം അമിതമായി നഷ്ട്ടപെട്ടിട്ടുണ്ട്. കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം താറുമാറായിട്ടുണ്ട്. കൂടാതെ രക്തത്തിൽ അണുബാധയുണ്ടായി സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലും. ഉടൻ തന്നെ മുഴുവൻ ടീമും സജ്ജമായി രോഗിയെ 24 മണിക്കൂറും ഐസിയുവിൽ നിരീക്ഷണത്തിലാക്കി വിദഗ്ധ ചികിത്സ ഉറപ്പാക്കി. പക്ഷെ, പിറ്റേ ദിവസം വീണ്ടും കൗണ്ട് കുറയുകയും രക്തത്തിന്റെ അളവ് ക്രമാതീതമായി താഴുകയും ചെയ്തു. രോഗിക്ക് അടിയന്തരമായി രക്തം നൽകുകയും രക്തത്തിലെ മറ്റു ഘടകങ്ങൾ ശരിയാകാനുള്ള ചികിത്സ നൽകുകയും ചെയ്തു.

കുറഞ്ഞ സമയം കൊണ്ട് എല്ലാവരുടേയും സ്വന്തമായ മൃണാളിനിയുടെ ആരോഗ്യനില പതുക്കെ പതുക്കെ മെച്ചപ്പെടാൻ തുടങ്ങി. അതിനിടെ രോഗിയെ കൊണ്ടുപോകാൻ ബന്ധുക്കൾ വീണ്ടും നിർബന്ധിച്ചു. എന്നാൽ ഡോക്ടറുടെ അഭ്യർത്ഥന പ്രകാരം ഒരു ദിവസം കൂടി നീട്ടി കിട്ടി. പിന്നെ അവിടെ അവിടെ നടന്നത് ഒരു ടീം വർക്കാണ്. ഡ്യൂട്ടി സമയം പോലും നോക്കാതെ ഡോക്ടർ, ഐസിയു സ്റ്റാഫ്, ലാബ് സ്റ്റാഫ്, ഫാർമസി സ്റ്റാഫ് തുടങ്ങി സകലരും മൃനാളിനിക്കായി അഹോരാത്രം പ്രയത്നിച്ച് തീവ്ര പരിചരണം നൽകി.

മൃണാളിനിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രക്തത്തിലെ കൗണ്ട് സാധാരണ നിലയിൽ എത്തുകയും ചെയ്തു. കരളിന്റേയും വൃക്കകളുടേയും പ്രവർത്തനവും നേരെയായി. രോഗിയെ ഡിസ്ചാർജ് ചെയ്യാവുന്ന അവസ്ഥയിലായി. ഇതോടെ മൃണാളിനിയ്ക്കും ബന്ധുക്കൾക്കും സന്തോഷമായി. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സയാണ് സൗജന്യമായി ലഭ്യമാക്കിയത്. ഭാഷ പോലും വശമില്ലാതിരുന്നിട്ടും വേണ്ട കരുതലൊരുക്കി തങ്ങളുടെ കുട്ടിയെ രക്ഷിച്ചെടുത്ത ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞ് മഹാരാഷ്ട്രയിലേക്ക് യാത്രയാകുമ്പോൾ അവരുടെ കണ്ണുകൾ നനയുണ്ടായിരുന്നു.

ഈ സർക്കാരിന്റെ കാലത്താണ് ഐസിയു ഉൾപ്പെടെയുള്ള തീവ്ര പരിചരണ സംവിധാനങ്ങൾ ഇവിടെ സജ്ജമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. എൻ.ആർ. സജിയുടെ ഏകോപനത്തിൽ ഫിസിഷ്യൻ ഡോ. ഷമീൽ കെ.എം., സുഹൈൽ, ഹെഡ് നഴ്സ് രജിത, നഴ്സിംഗ് ഓഫീസർമാരായ അജീഷ്, റാണി, സൂര്യ, നിത്യ, ലയന, ലിസമോൾ, നഴ്സിംഗ് അസിസ്റ്റന്റുമാരായ മുഹമ്മദ്, പ്രിയ എന്നിവരാണ് ചികിത്സയും പരിചരണവുമൊരുക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *