Your Image Description Your Image Description

പ്യോങ്‌യാങ്: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുമ്പായി കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ അഞ്ചു ദിവസത്തെ പ്ലീനറി യോഗത്തിലാണ് യു.എസ് വിരുദ്ധ നയം കടുപ്പിക്കുന്നതിനുള്ള സൂചന കിം നൽകിയത്. ‘കമ്യൂണിസ്റ്റ് വിരുദ്ധതയെ അതിന്റെ മാറ്റമില്ലാത്ത ദേശീയ നയമായി കണക്കാക്കുന്ന ഏറ്റവും പിന്തിരിപ്പൻ രാഷ്ട്രം’ എന്ന് കിം യു.എസിനെ വിശേഷിപ്പിച്ചു. യു.എസ്-ദക്ഷിണ കൊറിയ-ജപ്പാൻ പങ്കാളിത്തം ആണവ സൈനിക സംഘമായി’ വികസിക്കുകയാണെന്നും കിം പറഞ്ഞു.

ഏത് ദിശയിലാണ് നമ്മൾ മുന്നേറേണ്ടതെന്നും എന്ത് ചെയ്യണമെന്നും ഈ യാഥാർത്ഥ്യം വ്യക്തമായി കാണിക്കുന്നുവെന്ന് കിം പറഞ്ഞതായി ഔദ്യോഗിക കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയുടെ ദീർഘകാല ദേശീയ താൽപര്യങ്ങൾക്കും സുരക്ഷക്കും വേണ്ടിയുള്ള ‘അമേരിക്കൻ വിരുദ്ധ’ പോരാട്ടത്തിന്റെ ഏറ്റവും തീവ്ര നിലപാടിലേക്ക് രാജ്യം പോവുന്നതായി കിമ്മിന്റെ പ്രസംഗം വ്യക്തമാക്കി.

ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ഉത്തരകൊറിയയുമായുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. തന്റെ ആദ്യ ടേമിൽ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഉക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളിൽ ട്രംപ് പ്രഥമ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതിനാൽ കിം-ട്രംപ് കുടിക്കാഴ്ചയുടെ തുടർച്ച പെട്ടെന്നുണ്ടാവാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തിന് ഉത്തരകൊറിയയുടെ പിന്തുണയും നയതന്ത്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *