Your Image Description Your Image Description

എറണാകുളം : കുട്ടമ്പുഴയിൽ കാട്ടാനയുടെ അക്രമണത്തെ തുടർന്ന് ഉരുളൻതണ്ണി സ്വദേശി എൽദോസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ ആൻ്റണി ജോൺ എം എൽ എയുടെയും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

മിഷൻ സോളാർ ഫെൻസിംഗ് പദ്ധതി പ്രകാരം നിലവിലുള്ള ഫെൻസിംഗ് ശരിയാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡിസംബർ 30 ന് ഫെൻസിംഗ് പൂർണമായി ചാർജ് ചെയ്യാനാണ് ശ്രമിക്കുന്നത്.

ട്രെഞ്ചിംഗ് നടപടികൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം പദ്ധതി പൂർത്തിയാക്കും.ഹാംഗിംഗ് ഫെൻസിംഗ് ടെൻഡർ എടുക്കാൻ ആളില്ലാത്തതു പരിഹരിക്കാൻ ട്രെഞ്ചിംഗ് കരാർ എടുത്ത വ്യക്തിയെ തന്നെ ഏല്പിക്കാൻ തീരുമാനിച്ചു.

വഴിയിൽ എല്ലായിടത്തും ലൈറ്റ് ഇട്ടുവരികയാണ്. നിലവിലുള്ള എല്ലാ ലൈറ്റുകളും അറ്റകുറ്റപ്പണി നടത്തും. പുതിയവ സ്ഥാപിക്കുന്നതിനു കരാർ വിളിക്കുകയും ചെയ്തിട്ടുണ്ട്.ഇതിൽ കാലതാമസം ഒഴിവാക്കാൻ ഷോർട്ട് ടെൻഡർ വിളിക്കാനുള്ള നടപടികൾക്കായി ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ അനുമതി നൽകും.

നിലവിൽ മൂന്ന് ഡിഎഫ് ഒമാരുടെ കീഴിലാണ് കുട്ടമ്പുഴ വരുന്നത്. റാപിഡ് റെസ്പോൺസ് ടീമിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ എല്ലാ ഡിഎഫ്ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്.നിലവിൽ 5 ലക്ഷം രൂപ മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്കു കൈമാറിയിട്ടിട്ടുണ്ട്. ബാക്കി 5 ലക്ഷം ലീഗൽ ഹെയർ ഷിപ്പ് അനുമതി ആയതിനു ശേഷം നൽകും.ജനുവരി 30 നു മുൻപ് നടപടികൾ പൂർത്തിയാക്കി തുക കൈമാറും.

യോഗത്തിൽ ഉന്നയിച്ച ചില കാര്യങ്ങളിൽ സർക്കാരിന്റെ തീരുമാനം ആവശ്യമാണ്. ഇക്കാര്യങ്ങൾ ജില്ലാ കളക്ടറും എംഎൽഎയും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.സ്ഥിരമായി ഒരു ആന ആണ് ശല്യം ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു. ഇത് പരിശോധിച്ചു നടപടി സ്വീകരിക്കും. കുട്ടമ്പുഴയിൽ വന്യ മൃഗ ശല്യം ഒഴിവാക്കുന്നതിനു വേണ്ടി എടുക്കുന്ന നടപടികൾ പരിശോധിക്കുന്നതിനു തുടർ യോഗങ്ങൾ നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ, വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, വൈദികർ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *