Your Image Description Your Image Description

തൃശൂർ : ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാൽവ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങൾ ഇല്ലാതെ വാൽവ് മാറ്റിവയ്ക്കുക എന്നത് രോഗികൾക്ക് വളരെയേറെ ഗുണപ്രദമാണ്.

കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂർ മെഡിക്കൽ കോളേജിൽ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവൻ രക്ഷിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം കെട്ടുവീഴൽ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് 74 വയസുകാരി മെഡിക്കൽ കോളേജ് കാർഡിയോളജി ഒപിയിൽ വന്നത്. തുടർന്ന് നടത്തിയ പരിശോധനകളിൽ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോർട്ടിക് വാൽവ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തി. ഹൃദയം ശരീരത്തിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുമ്പോൾ അയോർട്ടിക് വാൽവിലൂടെ വേണം കടന്നു പോവാൻ.

അതിനാൽ ആ വാൽവ് ചുരുങ്ങിയാൽ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വേണ്ട വിധം രക്തം പമ്പ് ചെയ്ത് എത്തിക്കാനാവില്ല. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാൽവ് മുറിച്ചു മാറ്റി കൃത്രിമ വാൽവ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. ഈ രോഗിക്കും ഇപ്രകാരമുള്ള ചികിത്സ നിർദേശിച്ചെങ്കിലും പ്രായാധിക്യം, ശാരീരികാവശത എന്നിവ മൂലം അവർക്ക് അതിന് സാധിക്കുമായിരുന്നില്ല. അതിനാൽ സർജറി അല്ലാത്ത ടിഎവിആർ (TRANS CATHETER AORTIC VALVE REPLACEMENT) എന്ന ചികിത്സ രോഗിയും ബന്ധുക്കളുമായി ചർച്ച ചെയ്ത് നിശ്ചയിച്ചു.

നെഞ്ചോ, ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റർ എന്ന ഒരു ട്യൂബ് കടത്തി, ഒരു ബലൂൺ ഉപയാഗിച്ച് ചുരുങ്ങിയ വാൽവ് വികസിപ്പിക്കുകയും തുടർന്ന് മറ്റൊരു കത്തീറ്റർ ട്യൂബിലൂടെ കൃത്രിമ വാൽവ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ടിഎവിആർ ചികിത്സ. ചികിത്സാ സമയത് രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകാവുന്ന തരത്തിൽ രക്തധമനി പൊട്ടാനോ, ഹൃദയമിടിപ്പ് നിലച്ചു പോകാനോ, ഹൃദയത്തിലേക്കുള്ള രക്തധമനി അടഞ്ഞു പോകാനോ, കൃത്രിമ വാൽവ് ഇളകിപ്പോകാനോ സാധ്യതയുണ്ട്. അതിനാൽ ചികിത്സാ വേളയിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

ഈ രോഗിയുടെ അയോർട്ടിക് വാൽവ് ജന്മനാ വൈകല്യമുള്ളതും, കാൽസ്യം അടിഞ്ഞുകൂടി കട്ടിയുള്ളതുമായതിനാൽ ചികിത്സ കൂടുതൽ സങ്കീർണമായിരുന്നു. അപകട സാധ്യതകൾ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്ത ശേഷം കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാർഡിയോളജിയിലെ ഡോക്ടർമാരായ ആന്റണി പാത്താടൻ, ബിജിലേഷ്, ഹരികൃഷ്ണ, നിതിൻ, എന്നിവരും അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ അമ്മിണികുട്ടി, അരുൺ വർഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേർന്ന് ഈ ചികിത്സ മൂന്നു മണിക്കൂറോളം നേരമെടുത്ത് വിജയകരമായി പൂർത്തിയാക്കി.

ഡോ. ഷഫീക്ക് മട്ടുമ്മലും ചികിത്സയെ സഹായിച്ചു. കാത്ത് ലാബ് ടെക്‌നീഷ്യന്മാരായ അൻസിയ, അമൃത, നഴ്സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും ഇതിൽ പങ്കെടുത്തു. വേണ്ടി വന്നാൽ ഉടനടി ശസ്ത്രക്രിയ ചെയ്യാൻ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. അഷ്‌റഫ് തയ്യാറായി കൂടെ നിന്നു. ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനകളിൽ വാൽവ് വളരെ നന്നായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. രോഗി സുഖം പ്രാപിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *