Your Image Description Your Image Description

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന പേസര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. സിറാജിന് കുറച്ച് വിശ്രമം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു, വിശ്രമം എന്നു പറഞ്ഞാല്‍ ശരിക്കുള്ള വിശ്രമമല്ല, മികച്ച പ്രകടനം നടത്താത്തുകൊണ്ട് നിങ്ങളെ ഒഴിവാക്കുന്നു എന്ന് പറഞ്ഞ് തന്നെ അവനെ ഒഴിവാക്കണമെന്നാണ് എനിക്ക് തോന്നുന്നത്.ചിലസമയം, നിങ്ങള്‍ ധൈര്യത്തോടെ അക്കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരും. നിന്റെ പ്രകടനം നിലവാരത്തിനൊത്ത് ഉയരുന്നില്ല, അതുകൊണ്ട് ഒഴിവാക്കുന്നു എന്ന്. എന്നാല്‍ അത് പറയാതെ വിശ്രമം എന്ന വാക്കുപയോഗിച്ചാല്‍ കളിക്കാര്‍ തെറ്റിദ്ധരിക്കും. അവരുടെ നിലവാരം ഒന്നും മെച്ചപെടേണ്ടകാര്യമില്ലെന്ന് കരുതും-ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലാകെ ഓവറില്‍ 4.07 റണ്‍സ് വഴങ്ങിയ സിറാജ് പരമ്പരയിലെ തന്നെ മോശം ഇക്കോണമി റേറ്റിലാണ് പന്തെറിയുന്നത്. മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ 23 ഓവര്‍ എറിഞ്ഞ സിറാജ് 122 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. സിഡ്‌നി ടെസ്റ്റില്‍ സിറാജിന് പകരം ഹര്‍ഷിത് റാണയെ തിരിച്ചുകൊണ്ടുവരികയോ പ്രസിദ്ധ് കൃഷ്ണക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുകയോ ആണ് ഇന്ത്യ ചെയ്യേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
അത് ചെയ്യുമ്പോള്‍ തന്നെ സിറാജിനോട് ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള കാരണം വ്യക്തമായി പറയണമെന്നും രണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സിറാജിനും ആകാശ് ദീപിനും പകരം ഹര്‍ഷിതിനെയും പ്രസിദ്ധ് കൃഷ്ണയെയും കളിപ്പിക്കാമെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *