Your Image Description Your Image Description
കൊച്ചി: ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്യുടെക് സ്റ്റാർട്ടപ്പ് മത്സരമായിട്ടുള്ള ഗ്ലോബൽ എഡ്യുടെക് സ്റ്റാർട്ടപ്പ്  (GESAwards) അവാർഡ്‌സിൽ തിളക്കമാർന്ന വിജയവുമായി മലയാളി സ്റ്റാർട്ടപ്പ് ഇന്റർവെൽ. എല്ലാ വർഷവും  നടത്തിവരുന്ന ജെസ് അവാർഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് 60 സംരംഭങ്ങളെയാണ് 2025 ജനുവരിയിൽ ലണ്ടനിൽ വെച്ച് നടക്കുന്ന ബൂട്ക്യാമ്പിലേക്കും തുടർന്നുള്ള ഫൈനൽസിലേക്കുമായി തിരഞ്ഞെടുക്കുക. ഇന്റെർവലിനെ കൂടാതെ സ്കൂഗ്ലിങ്ക്, സ്റ്റംപിടിയ എന്നീ മറ്റു രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
പ്രാദേശികമാകാനുള്ള സ്വാഭാവിക പ്രവണതയുള്ള ഒരു വ്യവസായത്തിൽ ലോകത്തിൻ്റെ ഏത് കോണിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള പ്രേക്ഷകർക്ക് പ്രദർശിപ്പിക്കാനും, സുപ്രധാന പങ്കാളിത്തങ്ങൾ സൃഷ്ടിക്കാനും ബിസിനസ് സുഗമമാക്കാനും ഈ അവാർഡ്  അവസരമൊരുക്കുന്നു. മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, പ്രാദേശിക എഡ്‌ടെക് ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിനും ബദൽ വിപണികളിലേക്കുള്ള എഡ്‌ടെക് നിക്ഷേപങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും  ജെസ് അവാർഡ്‌സ്  സഹായിക്കുന്നു. എഡ്‌ടെക് സെക്ടറിലെ ആഗോള വിപുലീകരണത്തെയും അന്താരാഷ്ട്ര സഹകരണത്തെയും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ സ്ഥാപിതമായ ഈ പുരസ്‌കാരം, എല്ലാ എഡ്യുടെക് പങ്കാളികൾക്കും പരസ്പരം ബന്ധപെടുന്നതിനുള്ള പ്രധാന പ്ലാറ്റ്‌ഫോമായി അന്താരാഷ്ട്ര അംഗീകാരം നേടി കഴിഞ്ഞു.
മലപ്പുറം അരീക്കോട് സ്വദേശികളായ റമീസ് അലി, ഷിബിലി, അസ്ലഹ്, സനാഫിർ, നാജിം എന്നീ സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഇന്റർവെൽ എന്ന എഡ്യുടെക് സ്റ്റാർട്ടപ്പ് ഇന്ന് 60 ൽ പരം രാജ്യങ്ങളിൽ വ്യക്തിഗത ട്യൂഷനുകൾ നൽകിവരുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രശംസിച്ച ഈ സ്റ്റാർട്ടപ്പ് ഇതിനോടകം എൻവിഡിയ, ഗൂഗിൾ, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ സ്റ്റാർട്ടപ്പ് പ്രോഗ്രാംസിൽ ഇടംപിടിക്കുകയും മറ്റനേകം നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. യു.കെ , ജർമ്മനി, ഫ്രാൻസ് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഈ നേട്ടം ഏറെ ഗുണം ചെയ്യുമെന്ന് ഇന്റർവെൽ സി.ഇ.ഒ റമീസ് അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *