Your Image Description Your Image Description

ഇന്ത്യക്കാരനായ നമ്പള്ളി രാജമല്ലയ്യ എന്ന ഹൈദരാബാദ് സ്വദേശിക്കാണ് ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ ഇ-ഡ്രോയില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) ലഭിച്ചത്. അബുദാബിയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യ നാട്ടിലാണ്. ഒരു കെട്ടിടത്തിന്‍റെ വാച്ച്മാനായി ജോലി ചെയ്യുകയാണ് രാജമല്ലയ്യ. ഇദ്ദേഹത്തിന്‍റെ മക്കളും യുഎഇയിലുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തോളമായി രാജമല്ലയ്യ അബുദാബിയില്‍ ജോലി ചെയ്ത് വരികയാണ്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുഹൃത്തുക്കള്‍ പറഞ്ഞ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. അന്ന് മുതല്‍ വല്ലപ്പോഴും ടിക്കറ്റ് എടുക്കാറുണ്ട്. തന്‍റെ ശമ്പളത്തില്‍ നിന്ന് നീക്കിവെക്കാന്‍ പണം കിട്ടുന്ന അവസരങ്ങളില്‍ മാത്രമാണ് ഇദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് വാങ്ങിയിരുന്നത്. ഇത്തവണ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത് 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ്. ഇവരുടെ കൂട്ടായ ശ്രമം ഇത്ര വലിയ വിജയം നേടിക്കൊടുക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

രണ്ട് മാസം മുമ്പാണ് വീണ്ടും ടിക്കറ്റ് വാങ്ങി തുടങ്ങിയത്. സമ്മാന വിവരം അറിയിച്ച് കോള്‍ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. എനിക്കുണ്ടായ സന്തോഷം വാക്കുകളില്‍ വിവരിക്കാനാകില്ല. ഇതിന് മുമ്പ് ഇങ്ങനെയൊരു സന്തോഷം അനുഭവിച്ചിട്ടില്ല, ഇതെന്‍റെ ആദ്യ വിജയമാണ് – അദ്ദേഹം പറഞ്ഞു.

ഈ പണം സുഹൃത്തുക്കളുമായി പങ്കിടുമെന്നും തനിക്ക് കിട്ടുന്ന സമ്മാനത്തുക കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കാന്‍ വിനിയോഗിക്കുമെന്നും രാജമല്ലയ്യ പറഞ്ഞു. അതിഭാഗ്യവാനാണെന്ന് ഈ വിജയത്തിലൂടെ തോന്നുന്നുവെന്നും ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വിജയം പലര്‍ക്കും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പ്രചോദനമായെന്നും രാജമല്ലയ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *