Your Image Description Your Image Description

സിഡ്നി: ബ്ലോക്ക്ബസ്റ്റർ ചിത്രം ദി ‘ക്രോക്കഡൈൽ ഡണ്ടി’ൽ പോൾ ഹോഗനൊപ്പം അഭിനയിച്ച മുതല ബർട്ട് വിടപറഞ്ഞതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട്. അഞ്ച് മീറ്റർ നീളമുള്ള ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലയായിരുന്നു ബർട്ട്. 700 കിലോഗ്രാമുള്ള മുതലക്ക് 90 വയസ്സുണ്ടെന്നും അതിന്റെ സംരക്ഷകനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘ക്രോക്കഡൈൽ ഡണ്ടി’യിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം 2008 മുതൽ ബർട്ട് ഓസ്ട്രേലിയയിലെ ക്രോക്കോസോറസ് അക്വേറിയത്തിലായിരുന്നു കഴിഞ്ഞുവന്നത്. ഓസ്‌ട്രേലിയയിലെ ഡാർവിനിൽ തിങ്കളാഴ്ചയാണ് മുതല ചത്തത്.അതീവ ദുഃഖത്തോടെയാണ് ഞങ്ങൾ ഓസ്‌ട്രേലിയൻ ക്ലാസിക് ‘ക്രോക്കഡൈൽ ഡണ്ടി’യിലെ താരമായ ബർട്ടിന്റെ വിയോഗം അറിയിക്കുന്നതെന്ന് മൃഗശാല അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു.

ബർട്ട് അഭിനയിച്ച ‘ക്രോക്കഡൈൽ ഡണ്ടി’ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഓസ്‌ട്രേലിയൻ ചിത്രമാണെന്ന് ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ, ഹോഗന്റെ കഥാപാത്രമായ വേട്ടക്കാരൻ, അമേരിക്കൻ റിപ്പോർട്ടർ സ്യൂ ഷാൾട്ടനെ (ലിൻഡ കോസ്ലോവ്സ്കി അവതരിപ്പിച്ച കഥാപാത്രം) മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും അവൾ അവനെ ന്യൂയോർക്കിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. തന്റെ സവിശേഷ സ്വഭാവം കാരണം ബർട്ട് പരിപാലകരുടെയും സന്ദർശകരുടെയും ഇഷ്ടത്തിന് പാത്രമായിരുന്നുവെന്നും ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *