Your Image Description Your Image Description

പാലക്കാട് : ക്രിസ്തുമസ് രാത്രിയിൽ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാർകുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദാറിന്റെ ഭാര്യ സാമ്പയേയും (20) നവജാതശിശുവിനേയും ദുർഘടമായ വനപാതയിൽ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രക്ഷപ്പെടുത്തി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവർത്തനം നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം സാമ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായ സുദിനയെ വിവരം അറിയിച്ചു. നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തിൽ ഉടൻ എത്തിച്ചേരാൻ അവരോട് നിർദേശിക്കുകയും മെഡിക്കൽ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്ഷ്മിയുടെ നിർദേശ പ്രകാരം സുദിനയും നഴ്സിംഗ് അസിസ്റ്റന്റ് ജാനകിയും ആശുപത്രിയിൽ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. അതിനിടെ സാമ്പയും സർദാറും ജീപ്പിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവരോടൊപ്പം ഫാർമസിസ്റ്റ് മിദിലാജും അനുഗമിച്ചു. എന്നാൽ ദുർഘടം പിടിച്ച യാത്രയിൽ ആശുപത്രിയിൽ എത്തും മുന്നേ യുവതി കുഞ്ഞിന് ജന്മം നൽകി.

വളരെ പെട്ടെന്ന് സുരക്ഷിതരായി നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തിൽ അവരെ എത്തിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുദിനയും നഴ്സിംഗ് അസിസ്റ്റന്റ് ജാനകിയും പരിചരണത്തിനായി സജ്ജരായി നിന്നു. പ്രാഥമിക പരിശോധനയിൽ യുവതിയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും മനസിലാക്കി. ഡോക്ടറുടെ നിർദേശ പ്രകാരം ജീപ്പിൽ വച്ച് തന്നെ പൊക്കിൾക്കൊടി മുറിക്കുകയും മറ്റ് പരിചരണങ്ങൾ നൽകുകയും ചെയ്തു.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനായി കൈകാട്ടിയിൽ നിന്നും സുദിനയും ജാനകിയും അവരോടൊപ്പം അനുഗമിച്ചു. കൈകാട്ടി ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് യാത്രാമദ്ധ്യേ ആനയും പുറകിലേക്ക് വാഹനം മാറ്റാനായി ശ്രമിച്ചപ്പോൾ കാട്ടു പോത്തും തടസ്സമായി. അവിടെ നിന്നും മുന്നോട്ട് പോകുവാൻ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറുടെ സഹായം തേടി. ഏകദേശം രണ്ടു മണിക്കൂർ വന്യമൃഗങ്ങൾക്കിടയിൽ അവർ കാട്ടിൽ കുടുങ്ങി. ഈ സമയമത്രയും അമിത രക്തസ്രാവം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും ശുശ്രൂഷയും ഉൾപ്പെടെയുള്ളവ ഡോക്ടറുടെ നിർദേശ പ്രകാരം നൽകിക്കൊണ്ടിരുന്നു. മുലയൂട്ടൽ തുടരാനും ഡോക്ടർ സുദിനയോട് നിർദ്ദേശിച്ചു. ഇത് അമ്മയ്ക്ക് പ്രസവാനന്തരം ആവശ്യമായ ഓക്‌സിടോസിൻ ഹോർമോൺ പുറപ്പെടുവിക്കുന്നതിനും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ അവസ്ഥയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിനും സഹായിച്ചു.

തുടർന്ന് ഫോറസ്റ്റ് റേഞ്ചറുടെ സഹായത്തോടെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിച്ച് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ സാധിച്ചു. അവിടെ ഡോ. ലക്ഷ്മിയും ആശുപത്രിയിലെ സംഘവും അമ്മയ്ക്കും കുഞ്ഞിനും വേണ്ട മറ്റ് പരിചരണങ്ങൾ ഉറപ്പുവരുത്തി. അതിനുശേഷം വിദഗ്ദ പരിചരണത്തിനായി ഇരുവരേയും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *