Your Image Description Your Image Description

വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകളെ തകർത്ത് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയംനേടി ഇന്ത്യ. വഡോദര, കൊടാംബി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സകോറര്‍. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 26.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. രേണുക താക്കൂറാണ് വിന്‍ഡീസിനെ തകര്‍ത്തത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. മോശം തുടക്കമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്. ഒരു ഘട്ടത്തില്‍ 13 ഓവറില്‍ ആറിന് 34 എന്ന പരിതാപകരമായ നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ഓപ്പണര്‍മാരായ ക്വാന ജോസഫ്, ഹെയ്ലി മാത്യൂസ് എന്നിവര്‍ റണ്‍സെടുക്കും മുമ്പ് മടങ്ങി. ഡിയേന്ദ്ര ഡോട്ടിന്‍ (8), റഷാദ വില്യംസ് (3), ആലിയ അലെയ്നെ (13) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഷെമെയ്നെ കാംപെല്‍ (21), അഫി ഫ്ളെച്ചര്‍ (22) എന്നിവര്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഷാബിക ഗജ്നബി (3), സൈദാ ജെയിംസ് (9), കരിഷ്മ റാംഹരാക് (11), ഷമിലിയ കോന്നല്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ, സ്മൃതി മന്ദാനയ്ക്ക് പുറമെ ഹര്‍ലീന്‍ ഡിയോള്‍ (44), പ്രതിക റാവല്‍ (40), ഹര്‍മന്‍പ്രീത് കൗര്‍ (34), ജെമീമ റോഡ്രിഗസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സെയ്ദാ ജെയിംസ് വിന്‍ഡീസിന് വേണ്ടി അഞ്ച് വിക്കറ്റ് നേടി. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി – പ്രതിക സഖ്യം 110 റണ്‍സ് ചേര്‍ത്തു. ഒന്നാം അരങ്ങേറ്റമത്സരം കളിക്കുന്ന പ്രതിക താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. പ്രതിരോധത്തിലൂന്നിയാണ് താരം കളിച്ചത്. 69 പന്തുകള്‍ നേരിട്ട താരം 40 റണ്‍സാണ് നേടിയത്. നാല് ബൗണ്ടറികളാണ് ഇന്നിംഗ്സില്‍ ഉണ്ടായിരുന്നത്. പിന്നീട് ഹര്‍ലീനൊപ്പം 50 റണ്‍സ് കൂടി ചേര്‍ത്ത് സ്മൃതി മടങ്ങി. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. സെയ്ദ ജെയിംസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഹര്‍ലീന്‍, അര്‍ധ സെഞ്ചുറിക്ക് ആറ് റണ്‍ അകലെ വീണു. ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.

42-ാം ഓവറില്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. റിച്ചാ ഘോഷിന് (26) അധികനേരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പിന്നീടെത്തിയ സൈമ ഠാക്കൂര്‍ (4), തിദാസ് സദു (4), രേണുക സിംഗ് (0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ദീപ്തി ശര്‍മ (14), പ്രിയ മിശ്ര (1) പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *