Your Image Description Your Image Description

യാത്ര പോകാൻ ഒക്കെ ഇഷ്ടമാണ് പക്ഷേ ശർദ്ദിക്കുമോ എന്ന് പേടിയാണ്. ഇങ്ങനെ പറയുന്ന ഒരാളെങ്കിലും നമ്മുടെയെല്ലാം പരിചയത്തിൽ കാണും. മോഷൻ സിക്ക്നെസ് എന്ന അവസ്ഥയാണ് ഇവിടെ വില്ലൻ ആകുന്നത്. കണ്ണ്, ചെവി, പേശികൾ, സന്ധികൾ എന്നീ അവയവങ്ങളിൽ നിന്നുള്ള സിഗ്നലുകൾ മാറി മാറി വരുമ്പോൾ ഉണ്ടാകുന്ന ഒരു കൺഫ്യൂസ്ഡ് റിയാക്‌ഷൻ ആണ് മോഷൻ സിക്നെസ്. ഇതിനെ തടയാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.

ചിലരിൽ വാഹനത്തിലും ഇടുങ്ങിയ മുറികളിലും അധിക സമയം ചിലവഴിക്കുന്നത് മനംപുരട്ടൽ ഉണ്ടാക്കിയേക്കാം. അതിനാൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിലെ വായു സഞ്ചാരം ഉറപ്പാക്കുക. വിൻഡോകൾ തുറന്നിടുക അല്ലെങ്കിൽ എയർകണ്ടീഷണർ ഓണാണെന്ന് ഉറപ്പാക്കുക. ബസിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക.
സാധാരണയായി സ്ത്രീകളിലും കുട്ടികളിലുമാണ് ഈ ബുദ്ധിമുട്ട് കാണാറ്.

തുടർച്ചയായ യാത്രയിൽ അസ്വാസ്ഥ്യമായി തുടങ്ങുന്ന ബുദ്ധിമുട്ട്, വയറെരിച്ചൽ, ഓക്കാനം, ദേഹാസ്വാസ്ഥ്യം, തലകറക്കം, പുളിച്ചു തികട്ടൽ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഛർദിയായി പരിണമിക്കാം. ഗർഭിണികൾ, 12 വയസ്സുവരെയുള്ള കുട്ടികൾ, പെൺകുട്ടികളിൽ ആർത്തവമുള്ള സമയം, ചെവിയുടെ രോഗങ്ങൾ ഉള്ളവർ, പാർക്കിൻസൺ രോഗികൾ എന്നിവരിൽ യാത്രയിലെ ഛർദി കൂടുതലാണ്. മോഷൻ സിക്നെസിന് സാധ്യതയുള്ളവർ യാത്രയ്ക്ക് മുമ്പ് വയറു നിറയെ ഭക്ഷണം കഴിക്കരുത്. എണ്ണമയമുള്ളതോ എരിവുള്ളതോ അസിഡിറ്റി ഉണ്ടാക്കുന്നതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
കാറിൽ ഇടിച്ചുപൊളി പാട്ടുകൾ വെക്കാതെ ശാന്തമായ പാട്ടുകൾ കേൾക്കുക. കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിയതിനു ശേഷം യാത്ര ചെയ്യുക.

നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമെങ്കിൽ ഡ്രൈവ് ചെയ്യുക. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ വക ബുദ്ധിമുട്ടുകളിൽ നിന്നും ഒരുപരിധി വരെ രക്ഷനേടാം. ഛർദിയുടെ ലക്ഷണങ്ങൾ കണ്ടാൽ മുഖത്തേക്കു വായു ലഭിക്കാൻ എസി വെന്റ് അല്ലെങ്കിൽ വാഹനത്തിന്റെ ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതിനു സമീപം ഇരിക്കുക. പുളിയുള്ള മിഠായികളും ചെറുനാരങ്ങയും മോഷൻ സിക്നെസ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം മിഠായികളും മറ്റും വായിൽ ഇട്ടു കൊണ്ട് യാത്ര ചെയ്യുക. ഇതുവഴി നിങ്ങൾക്ക് അൽപ്പം സുഖം തോന്നും. അല്ലെങ്കിൽ, കുറച്ച് തുളസി ഇലകൾ കൈയിൽ കരുതുക. ഛർദ്ദിയോ മനംപുരട്ടലോ തോന്നുമ്പോൾ ഇവ വായിലിട്ട് ചവയ്ക്കുക. യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവർ കവറുകൾ കയ്യിൽ കരുതുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *