Your Image Description Your Image Description

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അദ്ദേഹം തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിലെ തന്റെ സന്തതസഹചരിയായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ.

വൂഡൂ എന്നാണ് ഈ അനിമേഷൻ കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകളിലെല്ലാം വൂഡൂ സജീവ സാന്നിധ്യമായിരുന്നു. ഇന്ന് കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ആയിരുന്നു വൂഡൂവിന്റെ ക്യരക്ടർ മോഹൻലാൽ റിവീൽ ചെയ്തത്. ബറോസെന്ന സിനിമയിലെ പ്രധാന നടനെന്നായിരുന്നു ഇതിനെ മോഹൻലാൽ വിശേഷിപ്പിച്ചത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീടിത് മാറ്റുക ആയിരുന്നു. ഒടുവിൽ ഡിസംബർ 25ന് ചിത്രം മലയാളികൾക്ക് മുന്നിൽ ത്രീഡി വിസ്മയത്തിൽ എത്തും.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

 

Leave a Reply

Your email address will not be published. Required fields are marked *