Your Image Description Your Image Description

തിരുവനന്തപുരം: ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിന് സാക്ഷിയായി തലസ്ഥാനനഗരി. തിരുവനന്തപുരത്ത് ശനിയാഴ്ച രാവിലെ 6.31 നാണ് സൂര്യൻ ഉദിച്ചത്. സൂര്യൻ അസ്തമിച്ചതാകട്ടെ 6.09 നും. അതായത് തലസ്ഥാനത്ത് 11 മണിക്കൂർ 38 മിനിറ്റായിരുന്നു പകലിന്‍റെ ദൈർഘ്യം.

നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) പ്രകാരം ശീതകാല സോളിസ്‌റ്റിസ് പുലർച്ചെ 4:20 ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ, ഇത് ഡിസംബർ 21 ഏകദേശം 2.30 ഓടെയായിരുന്നു. വിൻ്റർ സോളിസ്റ്റിസ്, ഡിസംബർ സോളിസ്റ്റിസ് എന്നും അറിയപ്പെടുന്നു. വടക്കൻ അർധ​ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രികളും ദൈർഘ്യം കുറഞ്ഞ പകലുകളുമായിരിക്കും ഇനി അനുഭവപ്പെടുക. വടക്കൻ അർധഗോളത്തിൽ ആളുകൾ ശൈത്യകാലത്തിൻ്റെ ആദ്യ ദിവസം വലിയ നിലയിൽ ആഘോഷിക്കാറുണ്ട്. അതേസമയം തെക്കൻ അർധഗോളത്തിൽ വേനൽക്കാലത്തിന് തുടക്കം കൂടിയാണ് ഈ ദിവസം. തെക്കൻ അർധ​ഗോളത്തിൽ ദൈർഘ്യമേറിയ പകലുകളും കുറഞ്ഞ രാത്രികളുമായിരിക്കും ഇനി അനുഭവപ്പെടുക.

സൂര്യനെ ചുറ്റിയുള്ള ഭ്രമണത്തിൽ ഭൂമിയുടെ ചരിവ് എല്ലായ്പ്പോഴും സ്ഥിരമാണെങ്കിലും (23.5˚), ഡിസംബർ സോളിസ്റ്റിൽ വടക്കൻ അർധഗോളത്തിന് പരോക്ഷമായി മാത്രമേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ. ഇതാണ് തണുത്ത താപനിലയ്ക്ക് കാരണമാകുന്നത്. അതേസമയം തെക്കൻ അർദ്ധഗോളത്തിൽ ഏറ്റവും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്നു. ഇത് താപനില വർധിക്കാൻ കാരണമാകുന്നു. ജൂൺ സോളിസ്റ്റിസിൽ ഈ പ്രഭാവം വിപരീതമാകും.

 

Leave a Reply

Your email address will not be published. Required fields are marked *