Your Image Description Your Image Description

ഡല്‍ഹി: പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തി. ഇലക്ട്രിക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.50 ശതമാനത്തില്‍ കൂടുതല്‍ ഫ്‌ലൈ ആഷ് (ചാരം) അടങ്ങിയ എഎസി ബ്ലോക്കുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ഇത് നിര്‍മ്മാണ മേഖലക്ക് ഉത്തേജനം നല്‍കും.

ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യങ്ങളില്‍ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നഷ്ടപരിഹാര സെസ്സിന്റെ കാലാവധി 2024 ഡിസംബര്‍ 31-ല്‍ നിന്ന് 2025 ജൂണ്‍ വരെ നീട്ടാനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തേക്കും.

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായി. പോഷകാംശങ്ങള്‍ ചേര്‍ത്ത അരികളുടെ ജിഎസ്ടി നിരക്ക് ഉപയോഗം പരിഗണിക്കാതെ അഞ്ച് ശതമാനമായി ഏകീകരിച്ചു.

റെഡി-ടു-ഈറ്റ് പോപ്കോണിന്റെ കാര്യത്തില്‍ ഉപ്പിന്റെയും മസാലകളുടെയും മിശ്രിതമാണെങ്കില്‍ പാക്ക് ചെയ്യാത്ത രൂപത്തില്‍ അഞ്ച് ശതമാനവും പാക്ക് ചെയ്ത രൂപത്തില്‍ 12 ശതമാനവും ജിഎസ്ടി ഈടാക്കും. എന്നാല്‍, കാരമല്‍ പോലെയുള്ള മധുരമുള്ള പോപ്കോണ്‍, മിഠായി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കും.സ്വിഗ്ഗി, സോമാറ്റോ പോലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്. ഇത് ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ പ്രയോജനകരമാകും.ഇവ കൂടാതെ, ആഡംബര വസ്തുക്കളായ വാച്ചുകള്‍, പേനകള്‍, ഷൂസുകള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശവും കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്.

നിലവിലെ നാല് തട്ടുകളുള്ള ജിഎസ്ടി ഘടനയില്‍ നിന്ന് വ്യത്യസ്തമായി, പുകയില, മദ്യം തുടങ്ങിയവയ്ക്ക് 35 ശതമാനം പ്രത്യേക നികുതി സ്ലാബ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *