Your Image Description Your Image Description

ബെര്‍ലിന്‍: യൂറോ കപ്പിന്റെ ഫൈനൽ അത്ര പെട്ടന്ന് ഫുട്ബോൾ ആരാധകർ മറക്കില്ല.പല കാഴ്ചകളും അന്ന് നമ്മൾ കണ്ടു. ഇംഗ്ലണ്ടിന് അന്നത്തെ ഫൈനൽ മത്സരം ജീവൻ മരണ പോരാട്ടമായിരുന്നു. പക്ഷെ തുടര്‍ച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ട് പടിക്കല്‍ കലമുടച്ചപ്പോൾ കിരീടവുമായി സ്‌പെയിന്‍ വിമാനം കയറി. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം തന്നെയായിരുന്നു സ്‌പെയിന്‍. ടൂർണമെൻറിലെ എല്ലാ മത്സരത്തിലും സ്പെയൻ വിജയം കൈവരിച്ചു.

ബെര്‍ലിനില്‍ നടന്ന് ത്രസിപ്പിക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വീഴ്ത്തിയാണ് ചെമ്പട ട്രോഫിയില്‍ മുത്തമിട്ടത്. നിക്കോ വില്ല്യംസ് (47), മൈക്കല്‍ ഒയര്‍സബാല്‍ (86) എന്നിവരുടെ ഗോളുകളിലാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായി സ്‌പെയിന്‍ മാറിയത്.

ഏറ്റവുമധികം തവണ യൂറോ കപ്പ് സ്വന്തമാക്കിയ ടീമായി സ്‌പെയിന്‍ മാറി. അവരുടെ നാലാമത്തെ കിരീടമാണിത്. നേരത്തേ മൂന്നു ട്രോഫികളുമായി ജര്‍മനിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു സ്‌പെയിന്‍.

ലാമിൻ യമാൽ എന്ന വരുംകാല താരത്തിൻറെ വരവറിയിക്കലായി യൂറോ കപ്പ് മാറി . ഈ യൂറോ കപ്പിൽ തൊട്ടതെല്ലാം റെക്കോർഡാക്കി മാറ്റിയ സ്‌പാനിഷ് 16 കാരന് ലാമിൻ യമാലിന് യംഗ് പ്ലെയർ അവാർഡ് എതിരാളികളില്ലാതെ ലഭിച്ചു. യൂറോ കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളിന്റെ ഉടമ, ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കളിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം, ഒരു പിടി റെക്കോഡുകളാണ് യമാല്‍ എന്ന പതിനാറുകാരന്റെ പേരില്‍ കുറിയ്ക്കപ്പെട്ടത്.

ഫൈനലിലെ മികച്ച താരമായി സ്‌പെയ്‌നിൻറെ ഇടത് വിങിലെ യുവരക്തം നിക്കോ വില്യംസ് തെരഞ്ഞെടുക്കപ്പെട്ടു. കലാശപ്പോരിൽ നിക്കോ വലചലിപ്പിച്ചിരുന്നു. ലാമിൻ യമാൽ-നിക്കോ വില്യംസ് കൂട്ടുകെട്ടാണ് ടൂർണമെൻറിൽ സ്‌പാനിഷ് കുതിപ്പിന് പ്രധാന ഊർജമായത്. മൂന്ന് ഗോൾ വീതം നേടിയ ഡാനി ഓൽമോ, ഹാരി കെയ്ൻ, കോഡി ഗാക്പോ, ജമാൽ മുസ്യാല, ഇവാൻ സ്ക്രാൻസ്, ജോർജസ് മികൗറ്റാഡ്സേ എന്നിവർ ടോപ് സ്കോറ‍ർക്കുള്ള ഗോൾഡൺ ബൂട്ട് പങ്കിട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *