Your Image Description Your Image Description

പോളിങ്ങിന് ഏതാനും ദിവസം മുൻപ് സിപിഐ ജില്ലാ സെക്രട്ടറിയുടേതായി വന്ന വിഡിയോ വലിയ ചർച്ചയായിരുന്നു. സിപിഎം വിട്ട് സിപിഐയിൽ വന്നവർക്ക് നൽകിയ സ്വീകരണയോഗത്തിൽ ഇ.ജെ.ബാബു എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്ന വിഡിയോ ആണ് പ്രചരിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞത് എന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. 2016ൽ സിപിഎം, സിപിഐ പ്രവർത്തകർ തമ്മിൽ മാനന്തവാടിയിലുണ്ടായ സംഘട്ടനത്തിന്റെ വിഡിയോയും ഈ തിരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കപ്പെട്ടു. ഈ വിഷയങ്ങളിൽ പാർട്ടി നൽകി വിശദീകരണം പലയിടത്തും എത്തിയതുമില്ല. ഇതിനിടെ ഇ.ജെ.ബാബു എഡിജിപി എം.ആർ.അജിത് കുമാറിെന രൂക്ഷമായി വിമർശിച്ചതും സിപിഎം കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു.

പ്രിയങ്ക ഗാന്ധി വിജയിക്കുമെന്ന തോന്നലിൽ ഭൂരിഭാഗം ഇടതുപക്ഷ പ്രവർത്തകരും തിരഞ്ഞെടുപ്പിനോട് നിസ്സംഗത പുലർത്തിയെന്നും ആരോപണമുണ്ട്. മത്സരിക്കാനില്ലെന്ന് ആനി രാജ നേരത്തേ വ്യക്തമാക്കിയതാണ്. ദുർബല സ്ഥാനാർഥിയെ നിർത്തി അനായാസ വിജയം പ്രിയങ്കയ്ക്ക് നൽകേണ്ടതില്ല എന്നായിരുന്നു സിപിഐയുടെ തീരുമാനം. തുടർന്നാണ് സത്യൻ മൊകേരിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സിപിഎം പ്രവർത്തകർ പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കാര്യമായി ശ്രദ്ധ കൊടുത്തില്ല. എത്ര ശ്രമിച്ചാലും പ്രിയങ്ക തന്നെ ജയിക്കുമെന്നും വെറുതെ പണി എടുക്കണോ എന്നുമുള്ള മനോഭാവം എൽഡിഎഫ് പ്രവർത്തകർക്കിടയിലുണ്ടായിരുന്നു. ഭവന സന്ദർശനം അടക്കമുള്ള പ്രചാരണ പരിപാടികളിൽ ഇതു പ്രതിഫലിച്ചു.

2019ൽ രാഹുൽ ഗാന്ധി മൽസരിച്ചപ്പോൾ പി.പി.സുനീർ 274,597 വോട്ടു നേടിയിരുന്നു. പക്ഷേ, സത്യൻ മൊകേരി ഇത്തവണ നേടിയത് 2,11,407 വോട്ടാണ്. 63,190 വോട്ടിന്റെ കുറവ്. ഇതേ സത്യൻ മൊകേരി 2014ൽ മത്സരിച്ചപ്പോൾ 356,165 വോട്ടാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *