Your Image Description Your Image Description

മലപ്പുറം: വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിപ്പ് നൽകിയ ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിലെത്തി മർദിച്ചു. വണ്ടൂർ കെഎസ്ഇബി സെക്ഷൻ ഓഫിസിലെ ലൈൻമാൻ കാപ്പിൽ സി. സുനിൽ ബാബു(39)വിനാണ് മർദനമേറ്റത്. ഇയാളെ വണ്ടൂർ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ പ്രതിയായ പള്ളിക്കുന്ന് തച്ചു പറമ്പൻ സക്കറിയ സാദിഖി(48)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ വെട്ടുകത്തിയുമായി ഓഫിസിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയതായും പരാതിയിലുണ്ട്.

ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയയെയും വിളിച്ചത്. പ്രകോപിതനായി കെഎസ്ഇബി ഓഫിസിൽ എത്തിയ സക്കറിയ, ഫോൺ ചെയ്യുകയായിരുന്ന സുനിൽ ബാബുവിനെ പുറകിൽനിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ചെന്ന മറ്റ് ഉദ്യോഗസ്ഥരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഭയന്ന ഉദ്യോഗസ്ഥർ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സുനിൽബാബുവിന്റെ കഴുത്തിനും പുറത്തും മർദനമേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *