Your Image Description Your Image Description

വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ ജില്ലയിൽ വ്യാജ വെളിച്ചെണ്ണ വ്യാപകമായുണ്ട്. വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാതെ വരുന്നു. അത് മനസിലാക്കാതെ പലപ്പോഴും നമ്മൾ വ്യാജം വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു.

പാം കർനൽ ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവേ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.

വ്യാജമാണോ എന്ന് തിരിച്ചറിയാനായി ചില്ല് ഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറ വ്യത്യാസവും ഉണ്ടാവുകയുമില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും.

ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വില്പന തടയുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ നാളികേര’യുടെ ഭാഗമായി 27 സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളുടെ ഫലം ഒരാഴ്ചയ്ക്കകം എത്തും. കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നത്. അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വ്യാജ വെളിച്ചെണ്ണയാണെന്ന് ഫലം വന്നാൽ തിരൂർ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *