Your Image Description Your Image Description

തൊഴില്‍ രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് കൈത്തറി മേഖലയില്‍ ഉല്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രവും, കൈത്തറി ആന്റ് ടെക്‌സ്റ്റെയില്‍സ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്താം തരം വരെ പഠിച്ച കൈത്തറി നെയ്ത്തില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, കൈത്തറി അല്ലെങ്കില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയുള്ളവര്‍, കണ്ണൂര്‍ ഐ.ഐ.എച്ച്.ടിയുടെ ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫാഷന്‍ ഡിസൈനിങില്‍ പോസ്റ്റ് ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം ഉള്ളവരെയും പരിഗണിക്കും.

ഉല്പ്പാദനത്തിനും നൂതനമായ ഉല്‍പന്നങ്ങളുടെ രൂപകല്‍പനയ്ക്കുമുള്ള സൗകര്യങ്ങളുള്ള യൂണിറ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംരംഭകര്‍ക്ക് ഉണ്ടായിരിക്കണം. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പാട്ടക്കാലാവധി 15 വര്‍ഷത്തില്‍ കുറയാത്ത ഭൂമിയും പരിഗണിക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള ഡിഎ/ഡിപിയിലെ ഭൂമി, കിന്‍ഫ്ര/കെഎസ്‌ഐഡിസി, എംഐഇയിലെ ഭൂമി അല്ലെങ്കില്‍ ഷെഡ് എന്നിവയും പരിഗണിക്കും. വ്യക്തിഗത സംരംഭകര്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് കൈത്തറി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിനും മൂല്യവര്‍ദ്ധനയ്ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

നെയ്ത്ത് ഏറ്റെടുക്കാത്ത യൂണിറ്റ് സാധുവായ ഉദ്യോഗ് ആധാറുള്ള ഒരു എം.എസ്.എം.ഇ ആയിരിക്കണം. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 40 ശതമാനം 4,00,000 രൂപയും പ്രവര്‍ത്തന മൂലധന ആവശ്യകതയുടെ 30 ശതമാനം 1,50,000 രൂപയും ആയി പരിമിതപ്പെടുത്തിയാല്‍ സര്‍ക്കാര്‍ സഹായമായിരിക്കും. ബാക്കിയുള്ള ഫണ്ട് വാണിജ്യ ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയായി സംരംഭകര്‍ സ്വരൂപിക്കണം. അപേക്ഷകന്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനമെങ്കിലും സ്വന്തം വിഹിതമായി സമാഹരിക്കണം. സ്‌കീമിന് കീഴിലുള്ള സഹായത്തിനുള്ള അപേക്ഷയും ആവശ്യമായ രേഖകളും പ്രോജക്ട് റിപ്പോര്‍ട്ടും സഹിതം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് ഡിസംബര്‍ 27 ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483-2737405, 0483-2734812 എന്നീ നമ്പറുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *