Your Image Description Your Image Description

ഓപൺഎഐ-ക്കും മൈക്രോസോഫ്റ്റിനുമെതിരെ യു.എസിൽ കേസ് കൊടുത്തിരിക്കുകയാണ് ഒരു കൂട്ടം എഴുത്തുകാർ. ആറ്റംബോംബിന്റെ പിതാവായി കണക്കാക്കപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപൺ ഹൈമറുടെ ജീവചരിത്രമായ ‘അമേരിക്കൻ പ്രൊമിത്യൂസ്’-ന്റെ സഹ-രചയിതാവ് കായ് ബേഡ് ഉൾപ്പെടെയുള്ള 11 എഴുത്തുകാരാണ് ടെക് ഭീമൻമാർക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

എ.ഐ മോഡലുകളെ പരിശീലിപ്പിക്കാൻ എഴുത്തുകാരുടെ സൃഷ്ടികൾ അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചതായാണ് രണ്ട് സ്ഥാപനങ്ങൾക്കുമെതിരെയുള്ള ആരോപണം. “ഇരു കമ്പനികളും നോൺ-ഫിക്ഷൻ പുസ്തകങ്ങളുടെ അനധികൃത ഉപയോഗത്തിലൂടെ കോടിക്കണക്കിന് വരുമാനം നേടുന്ന”തായി എഴുത്തുകാരുടെ അഭിഭാഷകൻ ആരോപിക്കുന്നു.

ഓപൺഎ.ഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിക്കും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് സോഫ്റ്റ്‌വെയറുകൾക്കും പിന്നിലെ എ.ഐ മോഡലുകളെ പരിശീലിപ്പിക്കാൻ എഴുത്തുകാരുടെ പുസ്തകങ്ങൾ ഓപൺഎഐയും മൈക്രോസോഫ്റ്റും ദുരുപയോഗം ചെയ്‌തുവെന്നാരോപിച്ച് 11 നോൺ ഫിക്ഷൻ എഴുത്തുകാരാണ് മാൻഹട്ടൻ ഫെഡറൽ കോടതി കയറിയത്.

ഓപൺഎ.ഐയുടെ ജിപിടി ലാർജ് ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി കമ്പനികൾ പകർപ്പവകാശം ലംഘിച്ചതായി പുലിറ്റ്‌സർ പുരസ്കാര ജേതാക്കളായ ടെയ്‌ലർ ബ്രാഞ്ച്, സ്റ്റേസി ഷിഫ്, കായ് ബേർഡ് എന്നിവരുൾപ്പെടെയുള്ള എഴുത്തുകാർ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. അതേസമയം, ഓപൺഎ.ഐ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *