Your Image Description Your Image Description

പാലക്കാട്: ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്. 2020 ഡിസംബർ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്‌കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസം തികയവേ ആയിരുന്നു കൊലപാതകം.കോയമ്പത്തുരിൽനിന്ന് വിവാഹാലോചന വന്നതിൻ്റെ പിറ്റേന്നാണ് ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടർന്ന് പിതാവ് പ്രഭുകുമാർ കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകി. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഹരിത അറിയിച്ചു.സ്റ്റേഷനിൽനിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്ന് പ്രഭുകുമാർ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിൻ്റെ പിതാവ് ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു. 88-ാം ദിവസമാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിൽ ഭാര്യ ഹരിതയുടെ പിതാവ്ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവരെ കുറ്റക്കാരെന്ന് പാലക്കാട് ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ഇന്ന് കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകം നടന്ന് 75-ാം ദിവസംതന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പി. അനിലാണ് പബ്ലിക് പ്രോസിക്യൂട്ടർ.

 

Leave a Reply

Your email address will not be published. Required fields are marked *