Your Image Description Your Image Description

തിരുവനന്തപുരം: വിമാനത്തിലേതു പോലെ യാത്രാസുഖമുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന് അനുവദിച്ചേക്കും. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കോ ചെന്നൈയിലേക്കോ ഒരെണ്ണവും ഉത്തരേന്ത്യയിലേക്ക് മറ്റൊരെണ്ണത്തിനുമാണ് സാദ്ധ്യത.

തീർത്ഥാടന സർക്യൂട്ടിൽ ഉൾപ്പെടുത്തി കന്യാകുമാരിയിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് മറ്റൊരു ട്രെയിനും കേരളം വഴി അനുവദിക്കാൻ ഇടയുണ്ട്. റൂട്ടുകൾ റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്. സുരക്ഷ ഉറപ്പിക്കാൻ അത്യാധുനിക സാങ്കേതികവിദ്യയും സുഖസൗകര്യങ്ങളും ഒരുമിപ്പിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്നതാണ്.

വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്നത് ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എൽ) ആണ്. രാജ്യത്താകെ 400 വന്ദേ സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. നിലവിൽ വന്ദേഭാരത് ചെയർ കാർ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്.

ഓരോ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനും 16 കോച്ചുകളുണ്ടാകും. അവയിൽ 11 എണ്ണം എ.സി. ത്രീ ടയർ കോച്ചുകൾ. 611 ബെർത്തുകൾ. നാല് കോച്ചുകൾ സെക്കന്റ് എ.സിയും, ഒരെണ്ണം ഫസ്റ്റ് ക്ലാസ് എ.സിയുമാണ്. ഇവയിൽ യഥാക്രമം 188ഉം, 24ഉം ബർത്തുകളുണ്ട്. ഒരു ട്രെയിനിൽ ആകെ 823 ബെർത്തുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *