Your Image Description Your Image Description

റിയാദ്: ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തൻ ടാറ്റയെക്കുറിച്ച് എല്ലാവർക്കും ഓർക്കുവാനും പറയുവാനും ഒരായിരം നല്ല വാക്കുകളാണുള്ളത്. ഇവിടെ ഇപ്പോൾ തന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് രവിപിള്ള. മനസ്സുകൊണ്ടും ഏറെ അടുപ്പവും ആദരവും തോന്നിയിരുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. മനസ്സിൽ ആരാധന തോന്നിയ വ്യക്തിത്വം. ഒന്നിച്ചിരുന്ന് സംസാരിച്ചു മടങ്ങിയപ്പോഴെല്ലാം ബഹുമാനം വർധിച്ചിട്ടേയുള്ളൂ. കരുതൽ, എളിമ, കുലീനത്വം ഇവയെല്ലാം കൊണ്ട് ഹൃദയം കീഴടക്കിക്കളയും അദ്ദേഹം. ഒന്നരദശകമായുള്ള ബന്ധമാണ്. ഇത്രയും വലിയ ബിസിനസ് സാമ്രാജ്യം സ്വന്തമായുള്ള ആൾ മറ്റുള്ളവരോട് എത്ര സൗമ്യമായാണ് പെരുമാറിയിരുന്നതെന്ന് അടുത്ത് നിന്ന് കാണാൻ അവസരം ഏറെ ഉണ്ടായിട്ടുണ്ട്.

അത്ഭുതത്തോടും വിസ്മയത്തോടും മാത്രമേ അതേക്കുറിച്ച് ഓർക്കാൻ കഴിയൂ. കണ്ടുപഠിക്കാൻ ഏറെ ഗുണങ്ങളുള്ള വ്യക്തിത്വം. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ആദ്യമായി കണ്ടത്. ഒപ്പമുണ്ടായിരുന്ന മലയാളി സെക്രട്ടറിയാണ് അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അന്ന് തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആ ചിത്രം എന്റെ കൊല്ലത്തെ ശ്രീവൽസം വീട്ടിൽ ഇപ്പോഴുമുണ്ട്. ആ പരിചയം വളർന്നു. പത്തുവർഷം മുൻപ് സൗദിയിൽ റേഞ്ച് റോവറിന്റെ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്ത് അദ്ദേഹത്തെ അവിടേക്ക് കൊണ്ടുപോയിരുന്നു. ഏറെ ചർച്ചകൾ നടന്നെങ്കിലും ആ പ്രോജക്ട് നടന്നില്ല.

ഒരിക്കൽ ടോക്കിയോയിലേക്ക് ഒരുമിച്ച് വിമാനത്തിൽ പോയി. എമിറേറ്റ്സ് വിമാനത്തിൽ അന്ന് ഒൻപതു മണിക്കൂറോളം ഒപ്പം ഉണ്ടായിരുന്നു. മകൾ ആരതിയുടെ വിവാഹത്തിന് എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ചില അസൗകര്യങ്ങൾ കാരണം എത്താൻ പറ്റിയില്ലെന്ന് കാണിച്ച് അയച്ച കത്തും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം പകർന്നു തന്ന ബിസിനസ്സ് ഉപദേശങ്ങളും മനസ്സിലുണ്ട്. ഇനിയും ഇങ്ങനെയൊരു വ്യക്തിയെ ലോകത്ത് എവിടെയെങ്കിലും കണ്ടുമുട്ടാൻ കഴിയുമോ എന്നറിയില്ല. എന്നാലും അദ്ദേഹം മനസ്സിൽ ബാക്കിതന്നു പോയ നല്ലപാഠങ്ങളും മാതൃകയും മായാതെ നിൽക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *