Your Image Description Your Image Description

ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ നിഴലിലാണ് ബംഗാളിലെ ഇത്തവണത്തെ ‘മഹാ സപ്തമി’ ദിനത്തിലെ ദുർഗ്ഗാപൂജ ഉത്സവം. സംസ്ഥാനം സാധാരണയായി നാല് ദിവസത്തെ ഉത്സവത്തിന്റെ ആദ്യത്തേത് ആഹ്ലാദത്തോടെയാണ് ആഘോഷിക്കുന്നത്. എന്നാൽ ഈ വർഷമത് ഏറെ ദുഖത്തോടെയും മാനസിക സംഘർഷത്തോടെയും ആഘോഷിക്കേണ്ടിവരികയാണ്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ ഏഴ് ജൂനിയർ ഡോക്ടർമാരും വടക്കൻ ബംഗാളിൽ മറ്റ് രണ്ട് ഡോക്ടർമാരും നിരാഹാരം സമരം ആരംഭിച്ചിട്ട് 119 മണിക്കൂറിലധികമായി. കൊല്ലപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് “അഭയ പരിക്രമ റാലി”യിൽ സാധാരണക്കാരും സഹ സീനിയർ, ജൂനിയർ ഡോക്ടർമാരും നിരാഹാര സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണിനിരന്നു. ആഗസ്റ്റ് 9ന് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പശ്ചിമ ബംഗാളിൽ ഉടനീളം പ്രതിഷേധത്തിന് ഇടയാക്കി.

ദുർഗാപൂജയ്ക്കുള്ള പതിവ് ആവേശത്തിന്മേൽ കരിനിഴൽ വീഴ്ത്തി, ഈ സംഭവം പൊതുജനങ്ങളുടെ മാനസികാവസ്ഥയെ ആഴത്തിൽ ബാധിച്ചിരിക്കുകയാണിപ്പോൾ. ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകമായ ദുർഗ്ഗാദേവിയുടെ ആഘോഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ നിശിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുത്താൻ പലർക്കും ബുദ്ധിമുട്ടാണിപ്പോൾ. ഒരു റാലിയിലെ ഒരു പ്രതിഷേധക്കാരൻ സൂചിപ്പിച്ചതുപോലെ, “നമ്മുടെ സംസ്ഥാനത്ത് യഥാർത്ഥ ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന അപകടങ്ങൾക്ക് നേരെ കണ്ണടച്ച് ദൈവിക സ്ത്രീത്വത്തെ മഹത്വപ്പെടുത്തുന്ന ഒരു ഉത്സവം നമുക്ക് എങ്ങനെ ആഘോഷിക്കാനാകും? ഈ വർഷം ദുർഗാപൂജ വെറും ആഘോഷമല്ല; അത് സ്ത്രീ സുരക്ഷയും നീതിയും ചർച്ച ചെയ്യാനുള്ള വേദി കൂടിയായി മാറുകയാണ്.

കോളേജ് സ്‌ക്വയർ, എക്‌ദാലിയ എവർഗ്രീൻ, ശ്രീ ഭൂമി സ്‌പോർട്ടിംഗ് ക്ലബ്ബ്, മഡോക്‌സ് സ്‌ക്വയർ, ബാഗ്‌ബസാർ, ജോധ്പൂർ പാർക്ക് തുടങ്ങിയ പ്രശസ്തമായ ഇടങ്ങളിലെല്ലാം പൂജകൾ സംഘടിപ്പിച്ചുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു.

രാമകൃഷ്ണ മിഷന്റെ ആഗോള ആസ്ഥാനമായ ബേലൂർ മഠത്തിലും പൂജ ഒരുക്കിയിട്ടുണ്ട്. സബർണ റോയ് ചൗധരി, സോവബസാർ രാജ്ബാരി, ഹത്ഖോല ദത്ത ബാരി തുടങ്ങിയ ഉന്നത കുടുംബങ്ങളുടെ വീടുകളിൽ സ്വകാര്യ ദുർഗ്ഗാ പൂജകളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *