Your Image Description Your Image Description

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് ആളുകളില്‍ നിന്നും പണംതട്ടി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ വന്ന മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് അര ലക്ഷത്തോളം രൂപ . ഇത്തരത്തില്‍ നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് കിട്ടുന്നത്.

അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആര്‍ ടി ഓയുടെ പേരില്‍ ബാങ്കുദ്യോഗസ്ഥക്ക് സന്ദേശമെത്തിയത്. ചെലാന്‍ നമ്പറും വാഹന നമ്പറുമെല്ലാം ഉള്‍പ്പെടുന്ന സന്ദേശമെത്തിയത് വാട്സാപില്‍. എ പി കെ ഫയലിനൊപ്പം വന്ന സന്ദേശം തുറന്നു നോക്കിയതേയുള്ളൂ. നാല്‍പ്പത്തിയേഴായിരം രൂപയാണ് നഷ്ടമായത്. മറ്റ് ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഓടിപി വന്നെങ്കിലും പണമില്ലാതിരുന്നതിനാലാണ് വന്‍ സംഖ്യ നഷ്ടമാവാതിരുന്നത്. നല്‍കിയ പരാതിയില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

പണം തട്ടാനായി പുത്തന്‍ തന്ത്രങ്ങളാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പയറ്റുന്നത്. മോട്ടോര്‍ വാഹന വകുപ്പിന‍്റെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ തുറന്ന് എ പി കെ ലിങ്ക് ഓപ്പണാവുന്നതോടെ മൊബൈലിലെ വിവരങ്ങള്‍ മുഴുവന്‍ വിദൂരത്തുള്ള തട്ടിപ്പ് സംഘത്തിലേക്ക് എത്തും. വൈകാതെ ബാങ്ക് അക്കൗണ്ടിലെ പണം ഇവര്‍ ട്രാന്‍സഫർ ചെയ്യും. ഇത്തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന‍്റെ പേരില്‍ വ്യാജ സന്ദേശങ്ങളെത്തുന്ന കേസുകള്‍ പ്രതിദിനം വര്‍ധിക്കുകയാണ്. തട്ടിപ്പു സംഘങ്ങളുടെ വലയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. നിയമലംഘനങ്ങള്‍ക്ക് വാട്സാപ് വഴി മോട്ടോര്‍ വാഹന വകുപ്പ് സന്ദേശമയക്കാറില്ല. വളരെ ചെറിയ സന്ദേശം മാത്രമാകും രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുക.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലത്തില്‍ നിന്നുമാണ് പിഴയടക്കണമെന്ന് കാണിച്ചുള്ള സന്ദേശങ്ങളെത്തുക. ഇതില്‍ ചെലാന്‍ നമ്പറും ഉള്‍പ്പെട്ടിരിക്കും. സംശയം തോന്നിയാല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കുകയോ മോട്ടോര്‍ വാഹന വകുപ്പിനെ ബന്ധപ്പെടുകയോ വേണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *