Your Image Description Your Image Description

 

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടിയ തൊഴിലാളിയുടെ ഇരുകാലുകളും ഒടിഞ്ഞ സംഭവത്തിൽ അഞ്ച് സിഐടിയു പ്രവർത്തകർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ഫയാസ് ഷാജഹാൻ്റെ മൊഴി പ്രകാരമാണ് കേസ്. കെട്ടിട സാമഗ്രികൾ കരാറുകാരൻ സ്വന്തം തൊഴിലാളികളെക്കൊണ്ട് ഇറക്കിച്ചതാണ് അക്രമത്തിന് വഴിവെച്ചത്. സിഐടിയുക്കാർ സംഘടിച്ച് എത്തി തൊഴിലാളികളെ മർദ്ദിച്ചു എന്നാണ് പരാതി. പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്.

ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് എടപ്പാളിൽ ഉണ്ടായതെന്നാണ് സംഭവത്തിൽ സിഐടിയു നേതൃത്വത്തിൻ്റെ വിശദീകരണം. തൊഴിലാളിയായ ഫയാസ് ഷാജഹാന് പരിക്കേറ്റത് ദാരുണമായ സംഭവമെന്നും പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും സിഐടിയു ജില്ലാ പ്രസിഡണ്ട് എംബി ഫൈസൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ സിഐടിയു തിരുത്തും, എടപ്പാളിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലാക്കിയത് സിഐടിയു തൊഴിലാഴികൾ കൂടി ചേർന്നാണെന്നും കയറ്റിറക്ക് തൊഴിൽ തർക്കമുള്ള സ്ഥലമല്ല എടപ്പാളെന്നും അദ്ദേഹം പറഞ്ഞു.

എടപ്പാൾ ടൗണിൽ പുതുതായി നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിൽ സ്ഥാപിക്കാനുളള ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുളള തർക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്. രാത്രി ലോഡ് എത്തിയപ്പോൾ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികൾ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികൾ ഇറക്കി. വിവരം അറിഞ്ഞെത്തിയ സിഐടിയു തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടതോടെ തൊഴിലാളികൾ ചിതറിയോടി. ഇതിനിടയിൽ രക്ഷപ്പെടാൻ പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാൻ കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്തുടർന്ന് എത്തിയ സിഐടിയുകാരൻ അടിക്കുമെന്ന് ഉറപ്പായതോടെ ഷാജഹാൻ കെട്ടിടത്തിന് മുകളിൽ നിന്ന് മറ്റൊരു ഉയരം കുറഞ്ഞ കെട്ടിടത്തിലേക്ക് ചാടി. ഫയാസിൻറെ രണ്ടു കാലുകളും വീഴ്ചയിൽ ഒടിഞ്ഞു. കെട്ടിട ഉടമയെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിഐടിയുകാർ വഴങ്ങിയില്ല. നോക്കു കൂലി നൽകാമെന്ന് പറഞ്ഞായിരുന്നു അനുനയശ്രമം. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ ഫയാസിനെ പൊലീസാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *