Your Image Description Your Image Description

കൊച്ചി:എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ 614 കുടുംബങ്ങളാണ് പ്രതിസന്ധിയിലായത് . കുടുംബങ്ങൾക്ക് ബാങ്കുകൾ വായ്പയും നിഷേധിക്കുന്നതോടെ ഇനി സമര രംഗത്തേക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

അസാധാരണമായ നിയമപ്രശ്നത്തിലാണ് എറണാകുളം പള്ളിപ്പുറം പഞ്ചായത്തിലെ രണ്ട് വാർഡുകൾ കുരുങ്ങി കിടക്കുന്നത്.മുനമ്പം ബീച്ചിനോട് ചേർന്നുള്ള 104 ഏക്കറിൽ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് വഖഫ് ബോർഡ്.കാശുകൊടുത്ത് വാങ്ങിയ സ്ഥലത്തിന് പേപ്പറിന്റെ വില നൽകുന്നില്ലെന്ന അവസ്ഥയിലാണ് ഓരോ കുടുംബവും.

കുടുംബത്തിലെ പല സാമ്പത്തികാവശ്യങ്ങൾക്കായി ലോണെടുക്കാൻ ആധാരവുമായി ബാങ്കിൽ ചെല്ലുമ്പോൾ രേഖ അസാധുവാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.വഖഫ് ഭൂമി തർക്കത്തിന് പിന്നാലെ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മരവിച്ച അവസ്ഥയിലാണ്. വിവാഹം, വിദ്യാഭ്യാസം ആശുപത്രി ചികിത്സ എന്നിവയ്ക്ക് അധ്വാനിച്ച് നേടിയ ഭൂമി കൊണ്ട് ഗുണമില്ലാതായി. മെഡിക്കൽ കോഡിങ്ങിന് പഠിക്കുന്ന വിദ്യാർത്ഥിനി സാമ്പത്തിക പ്രശ്നം കാരണം പഠനം നിർത്തിവച്ചിരിക്കുന്നു.

74 വർഷങ്ങൾക്കു മുമ്പാണ് പ്രദേശത്തെ 404 ഏക്കർ ഭൂമി സിദ്ദിഖ് സേഠ് എന്ന വ്യക്തി കോഴിക്കോട് ഫാറൂഖ് കോളേജിന് വഖഫ് ഭൂമിയായി സൗജന്യമായി നൽകിയത് ‘എന്നാൽ ഫാറൂഖ് കോളേജ് വഖഫ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചില്ല. പിന്നീട് 1989 മുതൽ വഖഫ് നിയമങ്ങൾക്ക് വിരുദ്ധമായി ഭൂമി പ്രദേശവാസികൾക്ക് മറിച്ചുവിട്ടു. ഇതൊന്നുമറിയാതെ മുനമ്പം ,ചെറായി മേഖലയിലെ മീൻപിടുത്തക്കാരായിരുന്ന മനുഷ്യർ കടലിനോട് ചേർന്നുള്ള ഭൂമി ഇവരിൽനിന്ന് പണം നൽകി സ്വന്തമാക്കി. എന്നാൽ അധ്വാനിച്ച് നേടിയ മണ്ണിനെ ഇവർക്കിപ്പോൾ അവകാശമില്ലെന്നാണ് വാദം. കടലെടുത്തതോടെ 404 ഏക്കർ 114 ഏക്കർ ആയി ചുരുങ്ങി.

എന്നാൽ ഈ മനുഷ്യരുടെ സങ്കടത്തിന് കണക്കില്ല. രണ്ടുവർഷം മുമ്പാണ് വഖഫ് ബോർഡ് പ്രദേശവാസികൾക്ക് നോട്ടീസ് നൽകി ഭൂമിയിൽ വീണ്ടും അവകാശവാദം ഉന്നയിച്ചത്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സംയുക്ത പാർലമെൻററി കമ്മിറ്റിക്ക് സീറോ മലബാർ സഭ കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *