Your Image Description Your Image Description

തിരുവനന്തപുരം: അങ്ങനെ ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ നിയമസഭാ സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. വയനാട് ദുരന്തത്തിൽ പെട്ട് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് നിയമസഭ സമ്മേളനം തുടങ്ങിയത്. 15ന് നിയമസഭാ സമ്മേളനം അവസാനിക്കും. വയനാട്ടിലെ പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പുനരധിവാസത്തിന് കേന്ദ്രസർക്കാരിന്റെയും ലോകത്തിന്‍റെ ആകെയും പിന്തുണ വേണം ശാസ്ത്രീയ ഭൂവിനിയോഗം, അപകട മുന്നറിയിപ്പ് തുടങ്ങിയ സംവിധാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട് പുനരധിവാസ പദ്ധതിക്ക് പ്രാഥമിക രൂപരേഖയായെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കണം. പുനരധിവാസ പ്രവർത്തനങ്ങൾക്ക് താമസം നേരിടുമോ എന്ന ആശങ്ക ഉണ്ടെന്നും രാജൻ കൂട്ടിച്ചേർത്തു.

പതിനഞ്ചാം നിയമസഭയുടെ 12-ാം സമ്മേളനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളിൽ നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു സഭ തുടങ്ങിയത്.

ദുരിതബാധിതർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പ്രകൃതി സൗന്ദര്യം കൊണ്ട് എപ്പോഴും നമ്മെ മാടിവിളിച്ചിരുന്ന ചൂരൽമലയും മേപ്പാടിയുമടക്കമുള്ള വയനാടൻ ഗ്രാമങ്ങൾ താങ്ങാനാകാത്ത ഹൃദയവേദനയായി മാറിയെന്നും പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

ഒരു വലിയ മഹാദുരന്തമാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിൽ പെടുന്നതാണ് ഈ ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥവ്യതിയാനം മൂലം പ്രാദേശികമായി ഉണ്ടാകുന്ന അതിതീവ്രമഴയാണ് ഉരുൾപൊട്ടലിന്റെ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ഈ ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും, 47 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകൾ പൂർണ്ണമായും, 170 എണ്ണം ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയും, 183 വീടുകൾ ഒഴുകിപ്പോവുകയും ചെയ്തു.

ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളിലാകട്ടെ കൂടുതൽ വീടുകളുണ്ട്. കടകൾ, ജീവനോപാധികൾ, വാഹനങ്ങൾ, കൃഷി, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ചേർന്ന് ചുരുങ്ങിയത് 1,200 കോടി രൂപയുടെ നഷ്ടം എങ്കിലും മേപ്പാടിയിൽ ഉണ്ടായിട്ടുണ്ട്.

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി അടിക്കടി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന നാടായി കേരളം മാറുന്നുവെന്ന് മുഖ്യൻ പറഞ്ഞു.

ഇനിയും ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും അവയുടെ ആഘാതം പരമാവധി ലഘൂകരിക്കാനും സംസ്ഥാന സർക്കാർ ഒരു ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

വയനാട് ദുരന്തത്തിൽ പിന്തുണയുമായി പ്രതിപക്ഷ നേതാവും സഭയിൽ രംഗത്ത് എത്തി. ഒരുപാട് പേർ അനാഥരായി. ഓരോ കുടുംബത്തിനും ഓരോ സങ്കടങ്ങളാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ പ്രതിപക്ഷത്തിന്റെ പൂർണമായ പിന്തുണയുണ്ടാകും എന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുമ്പോട്ടുകൊണ്ടുപോകണമെന്നും വിമർശനങ്ങൾ വലിച്ചു വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വലിയൊരു സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *