Your Image Description Your Image Description

 

 

തിരുവനന്തപുരം: ക്ഷീരസംഘങ്ങൾ വഴി വിൽക്കുന്ന ഓരോ ചാക്ക് മിൽമ കാലിത്തീറ്റയ്ക്കും 100 രൂപ സബ്സിഡി നൽകാൻ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിൽപ്പന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളതെന്ന് മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. കർഷകരുടെ പാലളവിന് ആനുപാതികമായിട്ടായിരിക്കും കാലിത്തീറ്റ സബ്സിഡി നൽകുക. ഈയിനത്തിൽ ഏകദേശം 1.25 കോടി രൂപയുടെ അധികചെലവാണ് മേഖല യൂണിയന് ഉണ്ടാകുന്നതെന്ന് അദ്ദേഹം വിവരിച്ചു.

2024-25 സാമ്പത്തികവർഷം ക്ഷീരകർഷകരുടെ ക്ഷേമത്തിനായി 20 കോടി രൂപ വകയിരുത്തി വിവിധ പദ്ധതികളാണ് യൂണിയൻ നടപ്പാക്കി വരുന്നത്. ഇതിനു പുറമേയാണ് കാലിത്തീറ്റ സബ്സിഡി നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളത്.

പാലുൽപ്പാദനവും സംഭരണവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം കന്നുകാലി ഇൻഷുറൻസ് സബ്സിഡിയും നൽകുന്നുണ്ട്. ഇൻഷ്വർ ചെയ്യുന്ന കാലാവധിക്ക് അനുസൃതമായി 2000 രൂപ മുതൽ 3500 രൂപ വരെ സബ്സിഡി അനുവദിക്കുന്നതിന് 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പരമാവധി ക്ഷീരകർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി ചെയർമാൻ പറഞ്ഞു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *