Your Image Description Your Image Description

 

റായ്പൂർ: കിണറ്റിലിറങ്ങിയ അഞ്ച് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഛത്തീസ്‍ഗഡിലെ ജാൻഗിർ ചമ്പ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ബിറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കികിർദ ഗ്രാമത്തിലായിരുന്നു സംഭവം. ആദ്യം ഇറങ്ങിയ ഒരാളെ രക്ഷിക്കാനായി ഇറങ്ങിയവരാണ് മറ്റ് നാല് പേരും. എല്ലാവരും മരിച്ചതായി അധികൃതർ അറിയിച്ചു.

രാമചന്ദ്ര ജയ്സ്വാൾ, രമേശ് പട്ടേൽ, രാജേന്ദ്ര പട്ടേൽ, ജിതേന്ദ്ര പട്ടേൽ, തികേശ്വർ ചന്ദ്ര എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. കിണറ്റിൽ വീണ തടിയുടെ ഭാഗം എടുക്കായാണ് രാമചന്ദ്ര ജയ്സ്വാൾ കിണറ്റിൽ ഇറങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലായതെന്ന് ബിലാസ്പൂർ റേഞ്ച് ഐ.ജി സഞ്ജീവ് ശുക്ല പറഞ്ഞു. കിണറിനുള്ളിൽ രാമചന്ദ്ര കുഴഞ്ഞുവീണപ്പോൾ വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ബഹളംവെച്ചു. തുടർന്ന് ഓടിയെത്തിയ മൂന്ന് പേർ കൂടി കിണറ്റിലേക്ക് ചാടി. ഇവരും പുറത്തേക്ക് വരാതായതോടെയാണ് ഒരാൾ കൂടി ഇറങ്ങിയത്. എല്ലാവരും ബോധരഹിതരാവുകയായിരുന്നു,

നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ സംഘം സ്ഥലത്തെത്തുകയായിരുന്നു. ഇവരാണ് അഞ്ച് മൃതദേഹങ്ങളും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കിണറ്റിലുണ്ടായിരുന്ന വിഷവാതകം ശ്വസിച്ചത് മരണ കാരണമായിട്ടുണ്ടാവാമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയുമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയുടെ ആശ്വാസ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *