Your Image Description Your Image Description

 

കൊച്ചി: രാജ്യത്തെ സ്റ്റാർട്ട് അപ്പ് സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനായി സുസുക്കി മോട്ടോർ കോർപറേഷൻറെ സബ്സിഡിയറിയായ നെക്സ്റ്റ് ഭാരത് വെഞ്ചേഴ്സ് ഐഎഫ്എസ്‌സി പ്രൈവറ്റ് ലിമിറ്റഡ് 340 കോടി രൂപയുടെ ഫണ്ടിനു തുടക്കം കുറിച്ചു. മൂല്യവത്തായ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകാൻ വേണ്ടിയുള്ളതാണ് നെസ്റ്റ് ഭാരത് എന്ന ഈ സാമൂഹ്യ ആഘാത നിക്ഷേപ ഫണ്ട്. മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന സംരംഭകരെ പിന്തുണയ്ക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് നെക്സ്റ്റ് ഭാരത് ലക്ഷ്യമിടുന്നത്.

നാലു മാസത്തെ സമഗ്രമായ നെക്സ്റ്റ് ഭാരത് റെസിഡൻസി പ്രോഗ്രാമാണ് നെക്സ്റ്റ് ഭാരതിൻറെ പ്രധാന സവിശേഷത. സംരംഭകർക്ക് അനിവാര്യമായ കഴിവുകളും അറിവുകളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതാണിത്. വളരാൻ താൽപര്യമുള്ള തുടക്കക്കാരായ സംരംഭകർക്കായുള്ള ഈ റെസിഡൻസി പ്രോഗ്രാമിനായി ലളിതമായ അപേക്ഷാ രീതിയാണ് അവതരിപ്പിച്ചിട്ടുള്ളത്. വാട്ട്സാപ് അധിഷ്ഠിത അപേക്ഷകളും സാധ്യമാണ്. 2024 ജൂലൈ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി. പരിപാടി 2024 ഒക്ടോബർ 14-ന് ആരംഭിക്കും. മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരായ സംരംഭകർ, പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ സമീപനമുള്ള സംരംഭകർ, ഗ്രാമീണ മേഖലയ്ക്കും അനൗപചാരിക മേഖലയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രതിബദ്ധതയുള്ള സംരംഭകർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാവും റെസിഡൻസി പ്രോഗ്രാമിനുള്ള തെരഞ്ഞെടുപ്പ്.

റെസിഡൻസി പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെടുന്നവർ എക്കാലവും നെക്സ്റ്റ് ഭാരത് കമ്യൂണിറ്റിയുടെ ഭാഗമായിരിക്കുകയും പരിപാടിക്ക് ശേഷവും അവർക്ക് തുടർച്ചയായ പിന്തുണയും വിഭവങ്ങളും ലഭിക്കുകയും ചെയ്യും. വ്യവസായ രംഗത്തെ മുൻനിരക്കാരുടെ മെൻററിങ് സേവനങ്ങൾ, ബിസിനസിനു തുടക്കം കുറിക്കാനും മുന്നോട്ടു കൊണ്ടു പോകാനുമുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കുന്ന സംവിധാനമായി ഇതു വർത്തിക്കും. റെസിഡൻസി പരിപാടിക്കു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ട് അപ്പുകൾക്ക് ഒരു കോടി മുതൽ അഞ്ചു കോടി രൂപ വരെയുള്ള ഓഹരി നിക്ഷേപങ്ങളും ലഭിക്കും. ഈ സംരംഭകരെ അവശ്യം വേണ്ട അറിവുകൾ, നെറ്റ്‌വർക്കുകൾ, റിസ്ക്ക് കാപിറ്റൽ അടക്കമുള്ള വിഭവങ്ങൾ എന്നിവ നൽകി പ്രോൽസാഹിപ്പിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിലൂടെ അവരെ ചെറുകിട-ഇടത്തരം സംരംഭങ്ങളാക്കി വളർത്തും.

രാജ്യത്ത് ഏതാണ്ട് 1.4 ബില്യൺ ജനങ്ങളാണുള്ളതെന്നും അതേ സമയം 0.4 ബില്യൺ പേരിലേക്കു മാത്രമാണ് തങ്ങളുടെ ഗതാഗത ബിസിനസ് എത്തിയിട്ടുള്ളതെന്നും സുസുക്കി മോട്ടോർ കോർപറേഷൻ പ്രസിഡൻറും സിഇഒയുമായ തോഷിഹിറോ സുസുക്കി പറഞ്ഞു. ഇന്ത്യയിലെ അടുത്ത നൂറു കോടി പേരെ ഈ ഗതാഗത സംവിധാനങ്ങൾക്കും അപ്പുറത്തേക്കു കൊണ്ടു പോകുകയും രാജ്യത്തിൻറെ ഭാവി വളർച്ചയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യം. ഇതിൻറെ ഭാഗമായാണ് സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ നിക്ഷേപ ഫണ്ടായ നെക്സ്റ്റ് ഭാരത് വെഞ്ചേഴ്‌സ് അവതരിപ്പിക്കുന്നത്. സംരംഭകരെ ശാക്തീകരിക്കുന്നതിലായിരിക്കും ഇതു ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തിൻറെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തരായ അവർക്ക് സുസുക്കി ഗ്രൂപ്പിൻറെ സംവിധാനങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാറ്റങ്ങൾ സൃഷ്ടിക്കുന്ന രീതിയിലുള്ള സംരംഭകത്വ സംവിധാനം വളർത്തിയെടുക്കാനാണ് ഈ പ്രയാണത്തിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് നെക്സ്റ്റ് ഭാരത് സിഇഒയും മാനേജിങ് ഡയറക്ടറുമായ വിപുൽനാഥ് ജിൻഡാൾ പറഞ്ഞു. ലാഭമുണ്ടാക്കുന്ന നൂറു കണക്കിനു ചെറുകിട, ഇടത്തരം സംരംഭങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നെക്സ്റ്റ് ഭാരത് നിക്ഷേപ ചട്ടക്കൂട്. ഓരോ തവണ ഫണ്ടിങ് നടത്തുമ്പോഴും രണ്ടോ മൂന്നോ യൂണികോണുകൾ സൃഷ്ടിക്കുക എന്നതല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *