Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്റെ സാന്നിധ്യം അപകടകരമായ രീതിയിൽ വർധിക്കുന്നെന്ന്‌ പഠനറിപ്പോർട്ട്‌. തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പടിഞ്ഞാറൻ തീരം, ഇടുക്കി ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്‌ നൈട്രേറ്റ്‌ മലിനീകരണം അപകടകരമായ നിലയിലുള്ളത്‌. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്‌ പ്രകാരമുള്ള പരിധിയായ 45 മില്ലിഗ്രാം/ലിറ്ററിലും അധികമാണ്‌ ഇവിടങ്ങളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്റെ സാന്നിധ്യം.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ വഴിവെക്കുന്നതാണ്‌ കുടിവെള്ളത്തിലെ ഉയർന്ന നൈട്രേറ്റ്‌ തോത്‌. മെത്തമോഗ്ലോബിനെമിയ (ബ്ലൂ ബേബി സിൻഡ്രോം), രക്തസമ്മർദ്ദം, സയനോസിസ്, വയറിലെ അർബുദം, ഗോയിറ്റർ, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാർ, തലവേദന, ത്വക്ക് രോഗങ്ങൾ, ജന്മനായുള്ള വൈകല്യങ്ങൾ എന്നിവയ്‌ക്ക്‌ കാരണമാകും.

കൊച്ചി കുഫോസ്‌, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസ്, സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ്‌ ആൻഡ് മാനേജ്‌മെന്റ്‌ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഡബ്ല്യുആർഐഎസ് (വാട്ടർ റിസോഴ്‌സ് ഇൻഫർമേഷൻ സിസ്റ്റം) വഴി കേന്ദ്ര ഭൂഗർഭജല ബോർഡ് പ്രസിദ്ധീകരിച്ച 2010ലെയും 2018ലെയും വിവരങ്ങൾ വിശകലനം ചെയ്‌തായിരുന്നു പഠനം.

2010ൽ ഇടുക്കി കട്ടപ്പനയിലാണ്‌ നൈട്രേറ്റിന്റെ സാന്നിധ്യം കൂടുതൽ കണ്ടത്‌. 173 മി.ഗ്രാം/ലിറ്റർ. 2018ൽ ബേപ്പൂരിൽ 244 മി.ഗ്രാം/ലി. നൈട്രേറ്റ്‌ രേഖപ്പെടുത്തി.

രാസവളപ്രയോഗം, വ്യവസായ കേന്ദ്രങ്ങളിലെ മാലിന്യം, സെപ്റ്റിക് ടാങ്കുകൾ തുടങ്ങിയവയാണ്‌ നൈട്രേറ്റ്‌ മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങൾ. അന്താരാഷ്‌ട്ര ജേണലായ ‘കെമോസ്‌ഫിയർ’ൽ പഠനറിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു .

കേരള സർവ്വകലാശാലയിലെ ഡോ. സി ഡി അജു, ഡോ. രാജേഷ് രഘുനാഥ്, കുഫോസിലെ എ എൽ അച്ചു, ഡോ. ഗിരീഷ് ഗോപിനാഥ്, സിഡബ്ല്യുആർഡിഎമ്മിലെ ഡോ. എം സി റെയ്‌സി എന്നിവരാണ് പഠനം നടത്തിയത്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *