Your Image Description Your Image Description

 

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനും സർക്കാർ സഹായമുള്ള മുഴുവൻ ക്ഷേമനിധി പെൻഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശികയിൽ. സർക്കാരിൻറെ അഭിമാന നേട്ടമായി ഉയർത്തിക്കാട്ടിയ പെൻഷനുകളിൽ ചിലത് മുടങ്ങിയിട്ട് ഒരു വർഷംവരെ പിന്നിട്ടു. അയ്യായിരം കോടിയിലേറെ രൂപയാണ് സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാരിന് കണ്ടത്തേണ്ടത്. പെൻഷൻ വിഷയം സജീവ ചർച്ചയിലേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിൻറെ നീക്കം

അഭിമാന സ്തംഭമായി ഉയർത്തിക്കാണിച്ച പെൻഷൻ വിതരണം ഇടതുസർക്കാർ മറന്നമട്ടിലാണ്. ചിരിച്ചുകൊണ്ടു പെൻഷൻ വാങ്ങുന്ന അമ്മൂമ്മമാരുടെ ചിത്രങ്ങൾ ഇപ്പോൾ എവിടെയുമില്ല. 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിയിട്ട് ആറുമാസം. സർക്കാർ സഹായമുള്ള 16 ക്ഷേമ നിധി പെൻഷനിൽ ഒരെണ്ണംപോലും നേരാവണ്ണം കൊടുക്കാനാകുന്നില്ല. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു. ആഭരണ തൊഴിലാളികൾ, കശുവണ്ടി തൊഴിലാളികൾ, ചെറുകിട തോട്ടം തൊഴിലാളികൾ
തയ്യൽ തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷത്തോട് അടുക്കുന്നു. മുഖ്യമന്ത്രിയുടെ നാട്ടിലെ കൈത്തറി തൊഴിലാളികൾക്കും ബീഡി, ചുരുട്ട് തൊഴിലാളികൾക്കും ഖാദി തൊഴിലാളികൾക്കും ക്ഷേമനിധി പെൻഷൻ കുടിശികയായിട്ട് അരക്കൊല്ലത്തോളമായി.

സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ സർക്കാർ പ്രതിമാസം കണ്ടത്തേണ്ടത് 900 കോടി രൂപയാണ്. വിവിധ ക്ഷേമനിധി പെൻഷനുകൾക്ക് 90 കോടി രൂപയും. സാമൂഹ്യക്ഷേമ പെൻഷനിലെ അഞ്ചുവിഭാഗങ്ങളിൽ വാർധക്യകാല, വിധവാ, ഭിന്നശേഷി പെൻഷനുകളിൽ മൂന്നിലൊന്ന് തുക കേന്ദ്രസർക്കാർ വിഹിതമാണ്. ഇതിനെ പഴിച്ചാണ് സംസ്ഥാന ധനമന്ത്രിയുടെ നിരന്തരമായ പ്രതിരോധം. മദ്യത്തിലും ഇന്ധനത്തിലും സെസ് ഏർപ്പെടുത്തുക വഴി കഴിഞ്ഞവർഷം നവംബർ വരെ സംസ്ഥാനം പിരിച്ചത് 740 കോടിയാണ്. പക്ഷേ ഇത് ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം. തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും അംശാദായം പറ്റിയാണ് 16 ക്ഷേമനിധി പെൻഷനും മുടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *