Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട്ട് യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ അസൗകര്യം മുഖ്യമന്ത്രി ദിവസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു.

യുനെസ്കോയുടെ സാഹിത്യ നഗര പട്ടികയിൽ രാജ്യത്ത് ആദ്യമായി ഇടംപിടിക്കുന്ന നഗരമെന്ന നേട്ടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഈ അംഗീകാരത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി തന്നെ നിർവഹിക്കണം എന്നായിരുന്നു സിപിഎം നേതൃത്വത്തിലുള്ള കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ തീയതി കാത്ത് മാസങ്ങളോളം ചടങ്ങ് നീട്ടി വച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ സമയം കിട്ടിയതനുസരിച്ച് ജൂൺ 22ന് പരിപാടി നിശ്ചയിക്കുകയും ചെയ്തു.

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനവും ഇതേ ദിവസം ആയതിനാൽ അടുത്തടുത്ത സമയമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നിശ്ചയിച്ചു നൽകിയത്. മൂന്ന് മണിക്ക് സാഹിത്യ നഗര പ്രഖ്യാപനവും 4.30ന് എംജിഒ യൂണിയൻ സമ്മേളന ഉദ്ഘാടനവും നിശ്ചയിച്ചു. എന്നാൽ നാല് ദിവസം മുൻപാണ് സാഹിത്യ നഗര പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല എന്ന അറിയിപ്പ് വന്നത്. ഇത് എം ടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടാണെന്ന് പ്രതിപക്ഷം പറയുന്നു.

മുഖ്യമന്ത്രിക്ക് മറ്റു ചില പരിപാടികൾ ഉള്ളതിനാൽ കോഴിക്കോട് എത്താൻ വൈകും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റത്തെകുറിച്ച് മേയർ വിശദീകരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് കോഴിക്കോട്ട് എത്തിയ മുഖ്യമന്ത്രി എൻജിഒ യൂണിയൻ പരിപാടിയിൽ പങ്കെടുത്തശേഷം റോഡ് മാർഗം തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിന്മാറിയ സാഹചര്യത്തിൽ മന്ത്രി എം ബി രാജേഷ് ആണ് സാഹിത്യ നഗര പദവി പ്രഖ്യാപനം നിർവഹിക്കുന്നത്. അതേസമയം, എംടിയുമായി മുഖ്യമന്ത്രിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സാഹിത്യോത്സവം വേദിയിലെ എംടിയുടെ വാക്കുകൾ അടക്കം മുഖ്യമന്ത്രിക്ക് എതിരെയാണെന്നത് വ്യാഖ്യാനങ്ങൾ മാത്രം ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *