Your Image Description Your Image Description

ന്യൂഡൽഹി: ബയോമെട്രിക് അധിഷ്‌ഠിത ആധാർ ഓതന്റിക്കേഷൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ച നടന്ന 53-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. വ്യാജ ഇൻവോയ്‌സുകൾ മുഖേനയുള്ള നികുതി വെട്ടിപ്പുകളെ തടയാൻ ഇത് തങ്ങളെ സഹായിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാറിന് ഉദ്ദേശമുണ്ടെന്നും എന്നാൽ, നികുതി നിരക്കിന്റെ ഏകോപനം സംബന്ധിച്ച് സംസ്ഥാനങ്ങൾ ആണ് തീരുമാനമെടുത്ത് യോജിപ്പിലെത്തേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

‘മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി കൊണ്ടുവന്ന ജി.എസ്‌.ടിയുടെ ലക്ഷ്യംതന്നെ പെട്രോളും ഡീസലും ജി.എസ്‌.ടിയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. അക്കാര്യത്തിൽ ഇപ്പോൾ സംസ്ഥാനങ്ങളാണ് നിരക്ക് തീരുമാനിക്കേണ്ടത്. എന്റെ മുൻഗാമിയുടെ ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു. പെട്രോളും ഡീസലും ജി.എസ്.ടിയിൽ വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു -സീതാരാമൻ പറഞ്ഞു.

2017 ജൂലൈ 1 ന് ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എ.ടി.എഫ്) എന്നിങ്ങനെ അഞ്ച് ചരക്കുകൾ ജി.എസ്.ടി നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ജി.എസ്.ടിക്ക് കീഴിൽ നികുതി ചുമത്തൽ പിന്നീടത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ നിരക്ക് ഏകീകരണ ചെയർമാനാക്കിയതായും ധനമന്ത്രി അറിയിച്ചു. ആഗസ്റ്റ് പകുതിയിൽ നടക്കാനിടയുള്ള അടുത്ത യോഗത്തിൽ നിരക്ക് ഏകീകരണത്തിനായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് ഇദ്ദേഹം സമർപിക്കും.

ചെറുകിട നികുതിദായകരെ സഹായിക്കുന്നതിനായി ജി.എസ്.ടി.ആർ 4ൽ വിശദാംശങ്ങളും റിട്ടേണുകളും നൽകാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടാൻ കൗൺസിൽ ശിപാർശ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേണുകൾക്ക് ഇത് ബാധകമാകും.

Leave a Reply

Your email address will not be published. Required fields are marked *