Your Image Description Your Image Description

മലപ്പുറം: എടിഎം കൗണ്ടറിന്റെ ഉടമസ്ഥതയും നിയന്ത്രണവും ബാങ്കിനാണെന്നിരിക്കേ ക്രമക്കേടുകൾ കണ്ടെത്തി പരിഹരിക്കേണ്ട ബാധ്യത ബാങ്കിനുതന്നെയാണെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷൻ. പരാതിക്കാരന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരമായി 25000 രൂപയും കോടതിച്ചെലവായി 5000 രൂപയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി സ്വദേശി ഉസ്മാൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്ന് 1000 രൂപ പിൻവലിക്കാൻ ശ്രമിച്ച പരാതിക്കാരന് പണം കിട്ടിയില്ല. തുടർന്ന് മറ്റൊരു കൗണ്ടറിൽ നിന്ന് 1000 രൂപ പിൻവലിച്ചു. എന്നാൽ ഇതോടൊപ്പം 10000 രൂപ കൂടി പിൻവലിച്ചതായി മെസേജ് വന്നു. പരാതിയുമായി എച്ച് ഡി എഫ് സി ബാങ്കിനെ സമീപിച്ചെങ്കിലും എടിഎം രേഖയനുസരിച്ച് പിൻവലിച്ചതായി കാണുന്നതിനാൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നായിരുന്നു വിശദീകരണം. ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല.

തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന് എ ടി എം കാർഡ് നൽകിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും അവർക്കെതിരെയാണ് പരാതി നൽകേണ്ടത് എന്നുമായിരുന്നു ബാങ്കിന്റെ വാദം. പരാതിക്കാരന് പിന്നാലെ എ ടി എം കൗണ്ടറിലെത്തിയ കേരള ഗ്രാമിൺ ബാങ്കിൽ അക്കൗണ്ടുള്ള മറ്റൊരാൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് വാദിച്ച ബാങ്ക് അധികൃതർ ഇതിന് തെളിവായി സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കുകയും ചെയ്തു.

ദേശീയ പെയ്മെന്റ് കമ്മീഷന്റെ ക്രമീകരണമനുസരിച്ച് ഏത് ബാങ്ക് നൽകിയ കാർഡാണെങ്കിലും എല്ലാ കൗണ്ടറുകളിലും ഉപയോഗിക്കാം. എ ടി എം കാർഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് എന്നതുകൊണ്ട് എച്ച്ഡിഎഫ്സി ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ വിശദീകരിച്ചു.എടിഎം കൗണ്ടറിൽ നിന്ന് മറ്റൊരാൾ പണം അനധികൃതമായി കൈപ്പറ്റിയെന്ന് പറയുമ്പോഴും അത് തിരിച്ചുപിടിക്കാൻ ബാങ്ക് യാതൊരു നടപടിയും എടുത്തതായി കാണുന്നില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. പൊലീസിൽ പരാതി നൽകിയതുമില്ല. ഉപഭോക്താവിന്റെ താല്പര്യം സംരക്ഷിക്കുന്നതിൽ ബാങ്ക് യാതൊരു നടപടിയും എടുത്തില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് നഷ്ടപ്പെട്ട 10000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും കോടതിച്ചെലവായി 5000 രൂപയും കമ്മീഷൻ വിധിച്ചത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *