Your Image Description Your Image Description
Your Image Alt Text

ഇടുക്കി ജില്ലയിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. ചെറുതോണി, പൈനാവ് മേഖലയിലെ ഹോട്ടലുകളിലും ബേക്കറിയിലുമാണ് ആദ്യ ഘട്ട മിന്നല്‍ പരിശോധന നടത്തിയത്. അവധിക്കാല ടൂറിസം ജില്ലയില്‍ നല്ല രീതിയില്‍ നടക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

പൈനാവിലെ ഒരു ഹോട്ടലില്‍ തികച്ചും വൃത്തിഹീനമായ സ്രോതസില്‍ നിന്നും വെളളം ഉപയോഗിക്കുന്നത് കണ്ടെത്തിയതിനാല്‍ ഹോട്ടല്‍ അടച്ച് പൂട്ടുകയും, ചെറുതോണിയിലെ ഹോട്ടലില്‍ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ ആഹാര സാധനങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. കടയുടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവയില്ലാതെ പ്രവൃത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. ഹോട്ടലുകളോ മറ്റ് അനുബന്ധ സ്ഥാപനങ്ങളോ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് അറിയിച്ചു.

വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എസ് മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാബു ടിജെ, ഷാജു ഡി, പ്രവീഷ്‌കുമാര്‍ ടി.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *