Your Image Description Your Image Description

 

‘മാതാ-പിതാ-ഗുരു ദൈവം’ എന്ന് ചൊല്ലിക്കേട്ടും പഠിച്ചും വളര്‍ന്ന ഒരു തലമുറയില്‍ മാതാപിതാക്കള്‍ ഒരിയ്ക്കലും ബാധ്യതയാകരുതാത്തതാണ്. എന്നിട്ടും, ജീവിതം മുഴുവന്‍ മക്കള്‍ക്കു വേണ്ടി ഉഴിഞ്ഞുവച്ചവരെ നിഷ്‌ക്കരുണം വലിച്ചെറിയുന്നവര്‍ ധാരാളമുണ്ട്. അത്തരം നിരവധി വാര്‍ത്തകളും ദൃശ്യങ്ങളുമാണ് നമ്മുടെ മുന്നിലേക്ക് അടുത്തകാലത്തായി വന്നു കൊണ്ടിരിക്കുന്നത്. വൃദ്ധരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമൊക്കെയായി ധാരാളം നിയമങ്ങള്‍ നിലവിലുണ്ട്. ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 22, 23, 24 തുടങ്ങിയവ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. മാനസികമായോ ശാരീരികമായോ ഉള്ള പീഡനങ്ങള്‍ തടയാനുള്ളതാണ് സെക്ഷന്‍ 294. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ല. വീട്ടകങ്ങളില്‍ ധാര്‍മ്മികമോ നിയമപരമായോ ഉള്ള ഒരു സംരക്ഷണവും ഇത്തരം മാതാപിതാക്കള്‍ക്ക് ലഭ്യമാവുന്നില്ല.

ഈ പറഞ്ഞത് മാതാപിതാക്കളുടെ കാര്യം. ഇനി നമുക്ക് മക്കളുടെ കാര്യം കൂടി പറയണം. മാതാപിതാക്കളാല്‍ ജീവിതകാലം മുഴുവന്‍ പീഡിപ്പിക്കപ്പെടുന്ന മക്കളുമുണ്ട്. അത്തരം വാര്‍ത്തകളും കുറ്റകൃത്യങ്ങളും കൂടി നമ്മുടെ മുന്നിലെത്താറുണ്ട്. മാതാപിതാക്കളുടെ കെണിയില്‍ ജീവിതം നഷ്ടപ്പെടുന്ന മക്കളുടെ നിസ്സഹായാവസ്ഥ കൂടി സമൂഹം കാണേണ്ടതുണ്ട് എന്നര്‍ത്ഥം.

മാതാപിതാക്കളുടെ സംരക്ഷണം യാതൊരു പരാതിയ്ക്കിടയില്ലാത്ത വിധം നിര്‍വഹിച്ചിട്ടും സമാധാനമായി ഉണ്ണാനോ ഉറങ്ങാനോ കഴിയാത്ത എത്രയോ മക്കളും മരുമക്കളും നമുക്കിടയിലുണ്ട്. ഉദാഹരണമായി, എന്റെയൊരു സുഹൃത്തിന്റെ അനുഭവം തന്നെയെടുക്കാം. രണ്ടു പെണ്‍മക്കളില്‍ മൂത്തവളാണ്. കൂലിപ്പണിക്കാരായ അച്ഛനുമമ്മയും ലുബ്ധിച്ച് സ്വരുക്കൂട്ടിയ പൊന്നണിയിച്ച് മകളെ ഒരു ഗള്‍ഫുകാരനു തന്നെ വിവാഹം കഴിച്ചു കൊടുത്തു. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ തന്നെ അമ്മായിയമ്മ തനിസ്വഭാവം കാട്ടി. പുതുപ്പെണ്ണിന്റെ കയ്യില്‍ നിന്നും വളയൂരി അവര്‍ സ്വന്തം മകള്‍ക്കിട്ടു കൊടുത്തു. താലിമാലയും രണ്ടു വളയുമൊഴിച്ച് ബാക്കിയെല്ലാം അവര്‍ ഊരി വാങ്ങി. മകന്‍ മറുത്ത് യാതൊന്നും പറഞ്ഞില്ല. അമ്മ പറയുന്നതായിരുന്നു അയാള്‍ക്ക് വേദവാക്യം.

കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് മുതല്‍ കുളിയ്ക്കുന്ന സോപ്പിന്റെ തേയ്മാനം വരെ ആ വീട്ടില്‍ പീഡനത്തിനുള്ള കാരണങ്ങളായി. തൊട്ടതിനും പിടിച്ചതിനും മുഴുവന്‍ അവള്‍ പഴി കേട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞു. അവള്‍ രണ്ടു കുട്ടികളുടെ അമ്മയായി. ഭര്‍ത്താവ് വല്ലപ്പോഴും അയയ്ക്കുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിയ്ക്കാന്‍ അവള്‍ ബുദ്ധിമുട്ടി. ബിരുദാനന്തര ബിരുദവും ബിഎഡും വിവാഹത്തിനു മുന്‍പു തന്നെ നേടിയിരുന്ന ബലത്തില്‍ അവള്‍ ഒരു ജോലി കണ്ടെത്തി.

വേദനയില്‍ നാടും വീടുമുപേക്ഷിച്ചു പോകാന്‍ തയ്യാറാവുന്ന ‘മാമ്പഴക്കാലം’ എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ചന്ദ്രേട്ടന്‍ എന്ന കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥ നാം തിരശ്ശീലകളില്‍ കണ്ടറിഞ്ഞതാണ്. അങ്ങനെ എത്രയെത്ര ചന്ദ്രേട്ടന്മാര്‍ നമുക്കിടയിലുണ്ട്! എല്ലാ മക്കളും തുല്യരാണ് എന്നുറക്കെപ്പറയുകയും അതേ സമയം തരംതിരിവു കാണിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കെണിയില്‍പെട്ട് ജീവിതം വഴിമുട്ടിയ മക്കളെ നാം കാണാതെ പോകരുത്.

മാതാപിതാക്കളെ തീര്‍ച്ചയായും സ്‌നേഹിക്കണം, സംരക്ഷിക്കണം. പക്ഷേ, അത് ഏകപക്ഷീയമാവരുത്. മക്കള്‍ക്കും വേണം സ്വസ്ഥതയും സമാധാനവും. മക്കള്‍ സമാധാനമായി ജീവിക്കണമെന്ന ചിന്ത മാതാപിതാക്കള്‍ക്കും വേണം. അല്ലാത്തൊരു സമൂഹത്തില്‍ കുടുംബങ്ങള്‍ തീച്ചൂളകളാവും. അകത്തും പുറത്തുമുള്ളവരെ ചുട്ടുപൊള്ളിയ്ക്കുന്ന തീച്ചൂളകള്‍.

Leave a Reply

Your email address will not be published. Required fields are marked *