Your Image Description Your Image Description

തിരുവനന്തപുരം: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലയണല്‍ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരളത്തിലേക്കുള്ള വരവ് ഒക്ടോബറിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് നേരത്തേ കായിക മന്ത്രി വി.അബ്ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നു. എന്നാൽ ടിവൈസി സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ചെെനയിലാണ് ടീം സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. മെസ്സിയുടെ വരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഒക്ടോബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ചൈനയില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നാണ് ടിവൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മത്സരം ചൈനയ്‌ക്കെതിരേയും രണ്ടാമത്തേത് ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നിവയില്‍ ഒരു ടീമുമായും കളിക്കും. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍. നവംബറിലും അര്‍ജന്റീന രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കും.

അര്‍ജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവര്‍ഷം നവംബറിലാണ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി. സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എച്ച്എസ്ബിസിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കുമെന്നാണ് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന കേരളത്തിൽ കളിക്കാനുള്ള സാധ്യത കുറവാണ്.

2011 സെപ്റ്റംബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീനാ ടീം ഇന്ത്യയിലെത്തിയിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരേ നടന്ന ആ മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *