Your Image Description Your Image Description

അബുദാബി: യുഎഇയിൽ തെറ്റായ ബാങ്ക് ട്രാൻസ്ഫറിനെ തുടർന്ന് യുവാവിന്റെ അക്കൗണ്ടിലേക്കെത്തിയത് 57,000 ദിർഹം. അബദ്ധത്തിലാണ് പണം അക്കൗണ്ടിലെത്തിയത് എന്നറിയിച്ചിട്ടും യഥാർത്ഥ അവകാശിക്ക് തുക തിരികെ നൽകാൻ യുവാവ് തയാറായില്ല. ഒടുവിൽ അവകാശിയുടെ പണം പ്രതി നിയമവിരുദ്ധമായി കൈവശം വെക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിർഹം തിരിച്ചടയ്ക്കാനും 3000 ദിർഹം കൂടി അധിക നഷ്ടപരിഹാരം നൽകാനും കേസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും അൽ ഐൻ കോടതി ഉത്തരവിട്ടു.

അക്കൗണ്ടിൽ 57,000 ദിർഹം നിക്ഷേപം സ്വീകരിച്ചതായാണ് യുവാവിന് ബാങ്കിന്റെ നിർദേശം ലഭിച്ചത്. ഉടൻ തന്നെ ഇയാൾക്ക് പണം ട്രാൻസ്ഫർ നടത്തിയ വ്യക്തിയിൽ നിന്നും ഒരു ഫോൺ കോൾ വരുകയും അബദ്ധത്തിലാണ് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ നടത്തിയതെന്ന് അറിയിക്കുകയും ചെയ്തു. പിശക് പറ്റിയാണ് പണം ട്രാൻസ്ഫർ ആയി പോയതെന്ന് പറഞ്ഞിട്ടും യുവാവ് 20,000 ദിർഹം മാത്രമാണ് തിരികെ നൽകിയത്. ബാക്കി തുക തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തു.

ഇതേ തുടർന്ന് ബാക്കിതുകയായ 37,000 ദിർഹം തിരികെ നൽകണമെന്നും മാനസിക സമ്മർദം ഏർപ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം അധികം നൽകണമെന്നും ആവശ്യപ്പെട്ട് പണത്തിന്റെ അവകാശി ഒരു സിവിൽ കേസ് ഫയൽ ചെയ്തു. കൂടാതെ എല്ലാ നിയമപരമായ ചെലവുകളും കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും ആവശ്യപ്പെട്ടു. നിയമപരമായി അറിയിച്ചിട്ടും പ്രതി കോടതിയിൽ ഹാജരാകുകയോ തന്റെ പ്രതിനിധിയായി ഒരു അഭിഭാഷകനെ നിയമിക്കുകയോ ചെയ്തിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *